തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ എസ്.എം.എ (SMA) മരുന്ന് വിവാദത്തിലും കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിലും യു.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോഗ്യ മേഖലയെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, വിവാദ വിഷയത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനോട് ആറ് നിർണായക ചോദ്യങ്ങളും ഉന്നയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സർക്കാരിൻ്റെ നയങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.
കേന്ദ്ര ഏജൻസികളുടെ താത്പര്യപ്രകാരം കിഫ്ബിയെ തകർത്ത് കേരളത്തിന്റെ വികസനത്തെ ദുർബലപ്പെടുത്താനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. യാതൊരുവിധ പരിശോധനയുമില്ലാതെയാണ് വിദഗ്ധ സമിതി റിപ്പോർട്ടിലെ ബാധ്യത സംബന്ധിച്ച പരാമർശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെ മുഖ്യമന്ത്രി ഉൾപ്പെടെ ദുരുദ്ദേശത്തോടെ ചിത്രീകരിക്കുകയാണെന്നും, 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് പ്രവർത്തനങ്ങൾ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ജനകീയ ആരോഗ്യ മേഖല തകർന്ന് തരിപ്പണമായിരിക്കുകയാണെന്നും ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്.എം.എ മരുന്ന് വിവാദത്തിൽ മറുപടിയില്ലാത്തതിനാൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുൻ ആരോഗ്യ മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രിയോട് ആറ് കൃത്യമായ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്:
- ക്ലിനിക്കൽ ട്രയലിനുള്ള മരുന്നുകൾ എങ്ങനെയാണ് പൊതു ആശുപത്രികളിലെത്തിയത്?
- മരുന്നിന് കുഴപ്പമില്ലെങ്കിൽ എന്തിനാണ് അത് പെട്ടെന്ന് പിൻവലിച്ചത്?
- ഈ മരുന്നിന്റെ ക്ലിനിക്കൽ പരിശോധന പൂർണ്ണമായും പൂർത്തിയായിട്ടുണ്ടോ?
- മെഡിക്കൽ സർവീസ് കോർപ്പറേഷൻ കൃത്യമായ ഗുണപരിശോധന നടത്തിയിട്ടുണ്ടോ?
- മരുന്ന് വാങ്ങാനുള്ള ടെൻഡർ വിളിക്കാൻ കാലതാമസം വരുത്തുകയും, ഒരു പ്രത്യേക കമ്പനിക്ക് മാത്രം ഇളവുകൾ നൽകുകയും ചെയ്തത് എന്തിന്?
- മരുന്ന് കഴിച്ച കുട്ടികൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും?
രക്ഷിതാക്കളുടെ കടുത്ത ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ആരോഗ്യമേഖലയിലെ അപാകതകൾ മറച്ചുവെക്കാൻ വൃത്തികെട്ട രീതിയിലാണ് മന്ത്രി നിലപാടെടുക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ തുറന്നടിച്ചു.
