കൊച്ചി: പ്രായപൂർത്തിയാകാത്ത 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. കൊച്ചി ചേരാനല്ലൂരിൽ കണ്ടെയ്നർ റോഡിൽ പുലർച്ചെയായിരുന്നു അപകടം. അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിന്റെ പേരിലുള്ള ബെൻസ് കാറാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. ജഡ്ജിയുടെ മകനാണ് വാഹനം ഓടിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്.
ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിനെ പിന്നിൽനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ഏതാണ്ട് പൂർണമായും തകർന്നു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആറിൽ പ്രതിയുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
അപകടത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ ബന്ധുക്കളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. കണ്ടെയ്നർ റോഡിൽ കാർ അമിതവേഗത്തിലായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നെടുമ്പാശ്ശേരിയിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച വാഹനമിടിച്ച് അപകടമുണ്ടായതിന്റെ ഞെട്ടൽ മാറുംമുമ്പാണ് കൊച്ചിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
