Home Nationalതമിഴ്‌നാട്ടിൽ ജയിൽ ചാട്ടം: ഡ്രോൺ തിരച്ചിലിൽ എട്ടുപേർ പിടിയിൽ; 17ൽ 13 തടവുകാരെ തിരിച്ചെത്തിച്ചു

തമിഴ്‌നാട്ടിൽ ജയിൽ ചാട്ടം: ഡ്രോൺ തിരച്ചിലിൽ എട്ടുപേർ പിടിയിൽ; 17ൽ 13 തടവുകാരെ തിരിച്ചെത്തിച്ചു

by news_desk1
0 comments

ചെന്നൈ: തേനി ജില്ലയിലെ തേക്കംപട്ടി ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ 13 പേരെ പൊലീസ് വീണ്ടും പിടികൂടി. ഇവരിൽ എട്ടുപേരെ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്തിയത്. തേനി പട്ടണത്തിന് സമീപത്തെ വനമേഖലയിൽ 300ലധികം പൊലീസുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് എട്ടുപേരെ കൂട്ടത്തോടെ പിടികൂടിയത്. മറ്റ് പ്രതികളിൽ ചിലരെ റോഡിലും ഓട്ടോറിക്ഷയിൽ കയറുന്നതിനിടെയുമാണ് പിടികൂടിയത്. പ്രവീൺ എന്ന തടവുകാരൻ സ്വയം കീഴടങ്ങിയതായും റിപ്പോർട്ടുണ്ട്.

രക്ഷപ്പെട്ടവരിൽ എട്ടുപേർ കൊലക്കേസ് പ്രതികളാണ്. കൊള്ള, കവർച്ച, ലഹരിക്കടത്ത്, ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ കേസുകളിൽ പ്രതികളായവരും സംഘത്തിലുണ്ട്. ശേഷിക്കുന്ന നാലുപേർക്കായി തമിഴ്‌നാട് പൊലീസ് 17 സംഘങ്ങളായി തിരച്ചിൽ തുടരുകയാണ്. ഇവർ ഇടുക്കിയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് കേരള പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാത്രി 10.30ഓടെയാണ് ജയിൽ ചാട്ടമുണ്ടായത്. അപസ്മാരം അഭിനയിച്ച് ഡ്യൂട്ടി ജീവനക്കാരനെ വിളിച്ചുവരുത്തിയ തടവുകാർ എസ്എസ്ഐ മദൻ മോഹനെയും ജീവനക്കാരൻ തങ്കപാണ്ടിയെയും ആക്രമിച്ചശേഷം പലവഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നു.

You may also like