Home Keralaജിഎൻഎ വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിക്ക് ചോദ്യമഴ; 8.63 രൂപയുടെ നിരക്ക് നിശ്ചയിച്ചതെങ്ങനെ? റിപ്പോർട്ടുകൾ മുക്കിയത് ആര്?

ജിഎൻഎ വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിക്ക് ചോദ്യമഴ; 8.63 രൂപയുടെ നിരക്ക് നിശ്ചയിച്ചതെങ്ങനെ? റിപ്പോർട്ടുകൾ മുക്കിയത് ആര്?

by news_desk1
0 comments

തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജിഎൻഎയുമായുള്ള വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രി വി.ഡി. സതീശനോട് പത്ത് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ രംഗത്ത്. കരാറിലെ സാമ്പത്തിക നഷ്ടം സംബന്ധിച്ച റിപ്പോർട്ടുകൾ ആരാണ് മുക്കിയതെന്നും കെഎസ്ഇബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യത്തിന്റെ കുറിപ്പുകളടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോയെന്നും സംഘടന ചോദിച്ചു.

ജിഎൻഎ പീക്ക് അവറിൽ കൂടുതൽ വൈദ്യുതി നൽകുമെന്ന വാദത്തിന് എന്താണ് അടിസ്ഥാനമെന്നും കെഎസ്ഇബിയോ വൈദ്യുതി റെഗുലേറ്ററി കമ്മീഷനോ നൽകാത്ത കണക്കുകൾ മുഖ്യമന്ത്രിക്ക് എവിടെനിന്ന് ലഭിച്ചെന്നും ഫെഡറേഷൻ ചോദിക്കുന്നു. യൂണിറ്റിന് 8.63 രൂപ നിരക്ക് നിശ്ചയിച്ചത് ഏത് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ്? ടെൻഡർ വിളിക്കാതെയും കമ്മീഷന്റെ അംഗീകാരമില്ലാതെയും വില നിശ്ചയിച്ചതെങ്ങനെയാണ്? അധിക വൈദ്യുതി വാങ്ങാൻ ഇത്രയും താൽപര്യം കാണിക്കുന്നതെന്തിന്? വൈദ്യുതി ഓഫർ ചെയ്യാൻ ജിഎൻഎയ്ക്ക് അധികാരമുണ്ടോ? റെഗുലേറ്ററി കമ്മീഷന്റെ രേഖകൾ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണിതെന്ന് അറിയാമോ? തുടങ്ങിയ ചോദ്യങ്ങളും സംഘടന ഉന്നയിച്ചു.

കെഎസ്ഇബിയുടെയും വൈദ്യുതി മന്ത്രിയുടെയും എതിർപ്പ് മറികടന്ന് ടെൻഡറില്ലാതെ ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനമാണ് വിവാദമായത്. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങിയാൽ 2,230 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നായിരുന്നു ഇടപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഹിമാചൽ സർക്കാർ യൂണിറ്റിന് 14.50 രൂപയ്ക്കും ജിഎൻഎ 8.63 രൂപയ്ക്കും വൈദ്യുതി നൽകാമെന്ന് അറിയിച്ചതിനാലാണ് കുറഞ്ഞ നിരക്കുള്ള ജിഎൻഎയെ പരിഗണിച്ചതെന്നും പീക്ക് അവറിൽ കൂടുതൽ വൈദ്യുതി ലഭിക്കുന്നത് ഈ കമ്പനിയിൽനിന്നാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്തതിനെ തുടർന്നാണ് മുൻ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തെ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ സ്ഥലംമാറ്റത്തിന് വൈദ്യുതി ഇടപാടുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം, ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനെ അനുകൂലിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി.

You may also like