Home Keralaകുട്ടികൾക്ക് വാഹനം നൽകി നിയമലംഘനം അനുവദിക്കരുത്; നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനം വിൽക്കട്ടെയെന്ന് ഗതാഗത മന്ത്രി

കുട്ടികൾക്ക് വാഹനം നൽകി നിയമലംഘനം അനുവദിക്കരുത്; നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനം വിൽക്കട്ടെയെന്ന് ഗതാഗത മന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ ഇനി നടപടി നേരിടേണ്ടിവരിക രക്ഷിതാക്കളായിരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികളുടെ വാഹന ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികൾ ഉൾപ്പെടുന്ന വാഹനാപകടങ്ങളും നിയമലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

നിയമലംഘനങ്ങൾക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി. ജോൺ പറഞ്ഞു. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പ്രധാന കാരണങ്ങളിലൊന്ന് നിലവിലെ സമയക്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ചായക്കടകൾക്കരികിൽ പൊലീസ് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികൾ വാഹനമോടിച്ചതായി കണ്ടെത്തി. രാത്രി 8.30ഓടെ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു പരിശോധന. ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ എടുത്തിട്ടില്ലെന്നായിരുന്നു വിദ്യാർഥികളുടെ മറുപടി. ആധാർ പരിശോധിച്ചപ്പോഴാണ് ഇരുവർക്കും 17 വയസ്സാണെന്ന് വ്യക്തമായത്.

തുടർന്ന് രക്ഷിതാക്കളെ വിളിച്ചപ്പോൾ മക്കൾ വീട്ടിലെ അകത്തെ മുറിയിൽ ഉറങ്ങുകയാണെന്നായിരുന്നു ലഭിച്ച മറുപടി. കുട്ടികൾ വാഹനമോടിച്ച വിവരം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ലെന്നാണ് സംഭവത്തിൽനിന്ന് വ്യക്തമാകുന്നത്.

ഹെൽമറ്റ് ധരിക്കാതെയും ട്രിപ്പിൾ യാത്ര നടത്തിയും നഗരങ്ങളിലും ഗ്രാമീണ റോഡുകളിലും നിയമം ലംഘിക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. കോളജ് വിദ്യാർഥികൾക്ക് ഇരുചക്രവാഹനങ്ങൾ വാങ്ങിനൽകുന്ന രക്ഷിതാക്കൾ കുട്ടികൾ നടത്തുന്ന നിയമലംഘനങ്ങൾ അറിയുന്നില്ലെന്നതും ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം ട്രിപ്പിൾ യാത്ര നടത്തിയതിന് പൊലീസ് പിടികൂടിയ വാഹനത്തിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.

സ്വന്തമായി വാഹനമില്ലാത്ത കുട്ടികളും ഇത്തരം നിയമലംഘനങ്ങളിൽ പങ്കാളികളാകുകയും അപകടങ്ങളിൽപ്പെട്ട് മരിക്കുകയും ചെയ്യുന്നുണ്ട്. എ.ഐ. ക്യാമറകളെയും പൊലീസ് ക്യാമറകളെയും വകവയ്ക്കാതെ നമ്പർ പ്ലേറ്റുകൾ മറച്ചുവച്ചാണ് ചിലർ റോഡുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. നമ്പർ പ്ലേറ്റിൽ മാസ്ക് കെട്ടിവയ്ക്കുന്നവരുമുണ്ട്. ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

You may also like