Home Top Stories‘60 ദിവസം പുറത്തുനിർത്തിയത് പോരേ? ഇനിയും അരിശം തീർന്നില്ലേ?’; കാലടി വിസിയോട് രൂക്ഷചോദ്യങ്ങളുമായി ഹൈക്കോടതി

‘60 ദിവസം പുറത്തുനിർത്തിയത് പോരേ? ഇനിയും അരിശം തീർന്നില്ലേ?’; കാലടി വിസിയോട് രൂക്ഷചോദ്യങ്ങളുമായി ഹൈക്കോടതി

by news_desk
0 comments

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർഥികളുടെ ഹർജി പരിഗണിക്കവെ വൈസ് ചാൻസലർക്കെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി ഹൈക്കോടതി. നടപടി നേരിട്ട് 60 ദിവസം പിന്നിട്ടിട്ടും വിദ്യാർഥികളോടുള്ള അരിശം അവസാനിച്ചില്ലേയെന്ന് കോടതി ചോദിച്ചു. കുഞ്ചൻ നമ്പ്യാരുടെ കവിത ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമർശം. വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. കേസിൽ വിശദമായ വാദം മറ്റന്നാൾ നടക്കും.

വിദ്യാർഥികൾ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ 60 ദിവസം പുറത്തുനിർത്തിയതും പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതും മതിയായ നടപടിയല്ലേയെന്ന് ചോദിച്ചു. വിദ്യാഭ്യാസകാലത്ത് രാഷ്ട്രീയക്കാർ തന്നെ എന്തെല്ലാം ചെയ്തിട്ടുണ്ടെന്നും കോടതി ഓർമിപ്പിച്ചു. ‘ഇനിയും അരിശം തീർന്നില്ലേ’ എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളും കോടതി പരാമർശിച്ചു.

വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്‌ഐആറിന്റെ നിയമസാധുതയിലും കോടതി സംശയം ഉന്നയിച്ചു. ആദ്യ പരാതി നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ പരാതി നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ സസ്‌പെൻഷനിലായ വിദ്യാർഥികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. നേരത്തെ സമർപ്പിച്ച റിട്ട് ഹർജി ഭേദഗതി ചെയ്താണ് വിദ്യാർഥികൾ പുതിയ അപേക്ഷ നൽകിയത്.

പരീക്ഷ എഴുതാൻ തങ്ങൾക്ക് അർഹതയുണ്ടെന്നും വിദ്യാർഥികളിൽ പലർക്കും 60 ശതമാനം ഹാജർ ഉണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ബാക്കിയുള്ള 20 ശതമാനം ഹാജർ ഇളവ് അനുവദിക്കാൻ വൈസ് ചാൻസലർക്ക് അധികാരമുണ്ടെന്നും വിദ്യാർഥികൾ വാദിക്കുന്നു. എന്നാൽ ഹാജർ ഇളവിനായുള്ള മാപ്പപേക്ഷ സമർപ്പിക്കാൻ ക്യാമ്പസിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഹർജിയിൽ പറയുന്നു.

വൈസ് ചാൻസലറെ ആക്രമിച്ചെന്നതും പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്നതും അടിസ്ഥാനരഹിതമായ കേസുകളാണെന്നാണ് വിദ്യാർഥികളുടെ മറ്റൊരു വാദം. സസ്‌പെൻഷൻ, പരീക്ഷാ വിലക്ക്, എഫ്‌ഐആറുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതി ഇനി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

You may also like