Home Keralaഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; സീറാം സാംബശിവ റാവുവിന് പകരം എസ്. കാർത്തികേയൻ പുതിയ എക്സൈസ് കമ്മിഷണർ

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; സീറാം സാംബശിവ റാവുവിന് പകരം എസ്. കാർത്തികേയൻ പുതിയ എക്സൈസ് കമ്മിഷണർ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തിൽ വീണ്ടും അഴിച്ചുപണി. ബാർ ലൈസൻസ് വിവാദങ്ങൾക്കിടെ എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയ സീറാം സാംബശിവ റാവുവിന് പകരം എസ്. കാർത്തികേയനെ നിയമിച്ചു. സാംബശിവ റാവുവിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല. വിവിധ വകുപ്പുകളിലായി മറ്റ് ഉദ്യോഗസ്ഥർക്കും പുതിയ നിയമനങ്ങൾ നൽകി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

ശർമിള മേരി ജോസഫിനെ കെ.ടി.ഡി.എഫ്.സി ചെയർപേഴ്സണായും ഡി. ബാലമുരളിയെ കെ.എം.എസ്.സി.എൽ മാനേജിങ് ഡയറക്ടറായും നിയമിച്ചു. ജെറോമിക് ജോർജിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ മാനേജിങ് ഡയറക്ടറുടെ ചുമതല.

എം.ജി. രാജമാണിക്യം ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാകും. അബ്ദുൾ നാസർ ബി പാർലമെന്ററികാര്യ വകുപ്പിന്റെ സ്പെഷൽ സെക്രട്ടറിയായും അഫ്സാന പർവീൺ മിൽമ മാനേജിങ് ഡയറക്ടറായും ചുമതലയേൽക്കും. മിഥുൻ പ്രേംരാജിനെ കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.

ബാർ ലൈസൻസ് വിവാദങ്ങൾക്കിടെയായിരുന്നു സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സർക്കാർ മാറ്റിയത്. സർക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെ കമ്മിഷണർ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്നായിരുന്നു പ്രധാന വിമർശനം. സർക്കാർ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങളിൽ താഴെത്തട്ടിൽ തീരുമാനമെടുക്കാൻ അധികാരം നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന നിലപാടും ഉയർന്നിരുന്നു. കഴിഞ്ഞ സർക്കാർ സൃഷ്ടിച്ച പഴുതുകൾ അടയ്ക്കുമെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു സ്ഥാനമാറ്റം.

എന്നാൽ, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സാംബശിവ റാവുവിന്റെ വിശദീകരണം. എക്സൈസ് മന്ത്രി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്ന ഉദ്യോഗസ്ഥനാണ് താനെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സദ്ഭരണമാണ് ലക്ഷ്യമെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ ആരോപണങ്ങൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയ സാംബശിവ റാവു, അനാവശ്യ തിടുക്കം കാട്ടിയിട്ടില്ലെന്നും മന്ത്രിയുമായി യാതൊരു പ്രശ്നവുമില്ലെന്നും അവകാശപ്പെട്ടിരുന്നു.

You may also like