തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കിയ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിരാഹാര സമരം ഗാന്ധിമാർഗത്തിലുള്ള പ്രതിഷേധമാണെന്നും അതുപോലും നടത്താൻ സർക്കാർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നുവെന്നും ഇപ്പോൾ എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു.
സമരപ്പന്തൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. സമരക്കാരിയായ വളർമതിയെ പൊലീസ് അതിക്രൂരമായാണ് കഴിഞ്ഞ ദിവസം രാത്രി കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
സമരത്തോട് സർക്കാർ സ്വീകരിക്കുന്നത് കാട്ടാളത്തപരമായ നിലപാടാണ്. ഇതിനെല്ലാം ഉത്തരവാദി വി.ഡി. സതീശനാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ മാത്രം സമരമല്ല ഇത്. എല്ലാവരുടെയും പിന്തുണ സമരക്കാർക്ക് ലഭിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, പൊലീസ് നടപടിക്കെതിരെ സമരക്കാരിയായ വളർമതിയും രംഗത്തെത്തി. തന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണോ കഴിഞ്ഞ ദിവസം രാത്രി ഇത്രയും നടപടികൾ സ്വീകരിച്ചതെന്ന് അവർ ചോദിച്ചു. വലിച്ചിഴച്ചുകൊണ്ടുപോകാൻ തങ്ങൾ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നും വളർമതി പ്രതികരിച്ചു.
തൊഴിലിനുവേണ്ടി ഗാന്ധിമാർഗത്തിൽ സമാധാനപരമായി സമരം ചെയ്യുന്നവരാണ് തങ്ങളെന്നും കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇത്തരം നടപടികൾ ഉണ്ടാകില്ലെന്നും അവർ ആരോപിച്ചു. സമരപ്പന്തൽ പൊളിക്കാനായിരുന്നോ തങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും വളർമതി ചോദിച്ചു.
