തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സ്പോൺസർഷിപ്പ് തട്ടിപ്പ് വിവാദത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന് കുരുക്ക് മുറുകുന്നു. അഴിമതി നിരോധന നിയമപ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കാൻ ഗവർണർ ഓം പ്രകാശ് മാഥൂർ അനുമതി നൽകി. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ കത്ത് പരിഗണിച്ചാണ് ഗവർണറുടെ നടപടി.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പിന്നീട് സർക്കാരിന് കൈമാറി. മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രധാന ശുപാർശ.
മന്ത്രിയായിരിക്കെ നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പിന് നേരിട്ട് അന്വേഷണത്തിന് ഉത്തരവിടാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽനിന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ, മന്ത്രിയായിരിക്കെ നടന്ന ക്രമക്കേടുകളായതിനാൽ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടണമെന്നായിരുന്നു നിയമവകുപ്പിന്റെ നിലപാട്. തുടർന്നാണ് ഗവർണറുടെ അനുമതി തേടിയത്.
മുൻ മന്ത്രി വി. അബ്ദുറഹിമാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, സ്പോൺസറായ കമ്പനി, അതിന്റെ ഉടമ ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ശുപാർശ.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള ഇടപാടിന്റെ മറവിൽ വഴിവിട്ട നീക്കങ്ങൾ നടന്നതായും ഇതിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
