തിരുവനന്തപുരം: മന്ത്രിസഭാ പദവി ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി പാല എംഎൽഎ മാണി സി. കാപ്പൻ. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽക്കണ്ട് ഘടകകക്ഷികൾക്കിടയിൽ വിവേചനം പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിനും ഫോർവേഡ് ബ്ലോക്കിനും കാബിനറ്റ് പദവി നൽകിയപ്പോൾ തന്നെ പരിഗണിക്കാത്തതാണ് കാപ്പന്റെ പരാതി.
കാബിനറ്റ് പദവിയോടെ നോർക്ക വൈസ് ചെയർമാൻ സ്ഥാനം നൽകണമെന്നാണ് കാപ്പന്റെ ആവശ്യം. ഒരു എംഎൽഎ മാത്രമുള്ള സി.എം.പി., കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗങ്ങൾക്ക് മന്ത്രി സ്ഥാനം നൽകിയതും ഫോർവേഡ് ബ്ലോക്കിലെ ജി. ദേവരാജന് കാബിനറ്റ് പദവി നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർച്ചയായി പാലയിൽനിന്ന് വിജയിച്ചിട്ടും തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് കാപ്പന്റെ നിലപാട്.
എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിലെത്തിയ താൻ അവിടത്തെ പ്രധാന ഘടകകക്ഷി നേതാവിനെ പരാജയപ്പെടുത്തിയാണ് പാലയിൽ വിജയിച്ചത്. മുന്നണിക്ക് മുതൽക്കൂട്ടായ ആ വിജയത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നും കാപ്പൻ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. ഘടകകക്ഷികളോട് തുല്യനീതി ഉറപ്പാക്കണമെന്നും ആരോടും വേർതിരിവ് കാട്ടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
