തിരുവനന്തപുരം: 2024ലെ തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ. എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ജാഗ്രതക്കുറവുണ്ടായെന്ന ദുർബല പരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളതെന്നും നടപടിക്ക് ആവശ്യമായ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തിയാണ് സർക്കാർ റിപ്പോർട്ട് മടക്കിയത്. പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
തിരുവമ്പാടി ദേവസ്വത്തിലെ പത്ത് ഭാരവാഹികൾക്കെതിരെ ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്ന ശുപാർശയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, ആരോപണങ്ങൾ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നില്ല. പൂരം മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന് ജാഗ്രതക്കുറവുണ്ടായെന്ന് പരാമർശിച്ചെങ്കിലും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവുകൾ കണ്ടെത്താനും എസ്ഐടിക്ക് കഴിഞ്ഞില്ല.
ഇതോടെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വലിയ വിവാദമായ പൂരം കലക്കൽ അന്വേഷണം വീണ്ടും പൊലീസിന്റെ പരിഗണനയിലേക്ക് മടങ്ങുകയാണ്. എഡിജിപി എം.ആർ. അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് 2024ൽ ആഭ്യന്തരവകുപ്പ് തള്ളിയിരുന്നു. തുടർന്നാണ് മുൻ സർക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
പൊലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുണ്ടായ 16 വീഴ്ചകളാണ് എസ്ഐടിയുടെ 15 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പൊലീസിന്റെ നിർദേശങ്ങൾ ദേവസ്വം ജീവനക്കാർ അവഗണിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ വീഴ്ച വരുത്തിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമായ പരാമർശമില്ല.
കൂടുതൽ വിശദീകരണവും തെളിവുകളിലെ വ്യക്തതയും ആവശ്യപ്പെട്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് മടക്കിയത്. തിരുവമ്പാടി ദേവസ്വത്തിലെ ഭാരവാഹികളടക്കം പത്ത് പേർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295(എ) വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്യണമെന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന ശുപാർശ. എന്നാൽ, പൂരത്തിന്റെ സംഘാടകർക്കെതിരെ ഈ വകുപ്പ് ചുമത്താനാവില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.
പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഏതൊക്കെ ഉദ്യോഗസ്ഥർ എന്തുതരം വീഴ്ചകളാണ് വരുത്തിയതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് സർക്കാർ പുതിയ റിപ്പോർട്ട് തേടിയിരിക്കുന്നത്.
