തിരുവനന്തപുരം: ചാലയിലെ സ്വർണ കവർച്ചയ്ക്ക് പിന്നിൽ സ്വർണ ഇടപാട് സംഘത്തിന്റെ ആസൂത്രിത നീക്കമെന്ന് അന്വേഷണ സംഘം. വർഷങ്ങളായി ചാലയിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ പദ്ധതിയിട്ടത് മഹാരാഷ്ട്ര സ്വദേശിയായ അമുലാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കവർച്ചയ്ക്കായി ക്രിമിനൽ പശ്ചാത്തലമുള്ള അനിലിനെയും അമുൽ ഒപ്പം കൂട്ടിയെന്നും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും അന്വേഷണ സംഘം പറയുന്നു.
നന്ദകുമാർ കടയിൽനിന്ന് ഇറങ്ങുന്ന സമയം മോഷ്ടാക്കൾക്ക് കൈമാറിയത് അമുലായിരുന്നു. രേഖകളില്ലാത്ത സ്വർണമായതിനാൽ പരാതിയുണ്ടാകില്ലെന്ന് ഇയാൾ കണക്കുകൂട്ടി. കവർച്ച ചെയ്യുന്ന സ്വർണം പങ്കിട്ടെടുക്കാമെന്ന ധാരണയിലായിരുന്നു പ്രതികൾ. പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണ് കവർച്ചയുടെ മുഖ്യ ആസൂത്രകൻ അമുലാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായത്.
ശനിയാഴ്ച രാത്രിയോടെ ആറു പ്രതികളെയാണ് പൊലീസ് പിടികൂടിയത്. നാലുപേരെ വയനാട് ലക്കിടിയിൽനിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, ചാലയിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ പൊലീസിനൊപ്പം അമുലും ഉണ്ടായിരുന്നതായാണ് വിവരം. ഇയാൾ നിലവിൽ എവിടെയാണെന്ന് വ്യക്തമല്ല.
കവർച്ചയ്ക്കുശേഷം സംഘം ബൈക്കിൽ തിരുവനന്തപുരത്തുനിന്ന് തമിഴ്നാട് അതിർത്തിവരെ സഞ്ചരിച്ചു. പിന്നീട് ബൈക്ക് ഉപേക്ഷിച്ച് കാറിൽ യാത്ര തുടർന്നു. കാർ ബെംഗളൂരുവിലെ ടോൾ പ്ലാസ കടന്നതോടെ പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സംഘം സഞ്ചരിച്ച വഴികൾ പിന്തുടർന്ന പൊലീസ് പ്രതികളെ കണ്ടെത്താനുള്ള നീക്കം ശക്തമാക്കി. ശനിയാഴ്ച ഉച്ചയോടെ കവർച്ചാസംഘം മൈസൂരിലെത്തിയിരുന്നു. അന്നുതന്നെ വൈകിട്ടോടെ കേരളത്തിലേക്കും മടങ്ങി.
ഹോണ്ട ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായക വഴിത്തിരിവായത്. കവർച്ചയ്ക്ക് ഉപയോഗിച്ച ഹോണ്ട സി.ബി. 350 ബൈക്കിന്റെ ഉടമ അനിലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് അനിലിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികൾ രക്ഷപ്പെട്ട വഴികളിലേക്കും എത്തി.
പ്രതികളിൽനിന്ന് 450 ഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ, ആകെ എത്രത്തോളം സ്വർണമാണ് കവർന്നതെന്ന് ഇനിയും കണ്ടെത്താനുണ്ട്. കവർച്ചയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു ചാലയിൽ കവർച്ച നടന്നത്. വർഷങ്ങളായി ചാലയിൽ സ്വർണക്കട നടത്തുന്ന നന്ദകുമാർ കട അടച്ച് വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയപ്പോഴാണ് മോഷ്ടാക്കൾ സ്വർണം തട്ടിയെടുത്തത്. ബൈക്കിലെത്തിയ ഒരാൾ സ്വർണവുമായി കടന്നുകളയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റൊരു ദൃശ്യത്തിൽ രണ്ടുപേർ ബൈക്കിൽ പോകുന്നതും കാണാമായിരുന്നു.
