Home Keralaചാല സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്; നന്ദകുമാറിൽനിന്ന് കവർന്ന സ്വർണം വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ചാല സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്; നന്ദകുമാറിൽനിന്ന് കവർന്ന സ്വർണം വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

by news_desk1
0 comments

തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കവർച്ചയ്ക്കിടെ രക്ഷപ്പെടുന്നതിനിടെയാണ് ക്വട്ടേഷൻ സംഘാംഗമായ അനൂപ് രാജ് സ്വർണം ഇവിടെ കുഴിച്ചിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ തന്നെ സ്വർണം പുറത്തെടുത്ത് പൊലീസിന് കൈമാറി. പിടിച്ചെടുത്ത സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തിവരികയാണ്. നേരത്തെ പ്രതികളുടെ വാഹനത്തിൽനിന്ന് 420 ഗ്രാം സ്വർണവും കണ്ടെത്തിയിരുന്നു. ബാക്കി സ്വർണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

നന്ദകുമാറിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലാണ് കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബിസിനസിലെ വളർച്ചയിലുണ്ടായ വൈരാഗ്യമാണ് ക്വട്ടേഷൻ കവർച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിൽ രണ്ട് ജ്വല്ലറി ഉടമകൾ ഉൾപ്പെടെ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

കായംകുളത്തെ വ്യാപാരിക്ക് വൻതോതിൽ സ്വർണം വിൽക്കാൻ നന്ദകുമാർ പദ്ധതിയിടുന്ന വിവരം പ്രതികൾക്ക് ലഭിച്ചിരുന്നു. ഇതാണ് കവർച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് സൂചന. മഹാരാഷ്ട്രയിൽനിന്ന് വർഷങ്ങൾക്കുമുമ്പ് കേരളത്തിലെത്തി സ്വർണവ്യാപാരം ആരംഭിച്ചവരാണ് അമോലും നന്ദകുമാറും. അമോലിന്റെ വീടിനടുത്തുള്ള കെട്ടിടത്തിലെ ചെറിയ കടമുറിയിലായിരുന്നു നന്ദകുമാറിന്റെ വ്യാപാരം. എന്നാൽ നന്ദകുമാറിന്റെ അതിവേഗത്തിലുള്ള ബിസിനസ് വളർച്ച സുഹൃത്തായ അമോലിനെ അസ്വസ്ഥനാക്കിയെന്നാണ് പൊലീസ് വിലയിരുത്തൽ.

കവർച്ചയ്ക്കുപയോഗിച്ച ബൈക്കിന്റെ ചിത്രം പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്സാപ്പ് പ്രൊഫൈൽ ചിത്രത്തിൽ കണ്ടതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതോടെയാണ് കവർച്ചയുടെ ആസൂത്രണത്തിലേക്ക് പൊലീസിന് എത്താനായത്.

You may also like