Home Kerala5,000 രൂപ മാത്രം ബാക്കി; ബാങ്കിൽനിന്നിറങ്ങിയ യുവാവിനെ വളഞ്ഞ് 9.95 ലക്ഷം രൂപ കവർന്നു, മൂന്നുപേർ കസ്റ്റഡിയിൽ

5,000 രൂപ മാത്രം ബാക്കി; ബാങ്കിൽനിന്നിറങ്ങിയ യുവാവിനെ വളഞ്ഞ് 9.95 ലക്ഷം രൂപ കവർന്നു, മൂന്നുപേർ കസ്റ്റഡിയിൽ

by news_desk1
0 comments

നിലമ്പൂർ: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവർന്നതായി പരാതി. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ കൂടി പിടികൂടാനുണ്ട്. പിടിവലിക്കിടെ കത്തി തട്ടി പരാതിക്കാരനായ ഫിറോസിന്റെ കൈവിരലിന് മുറിവേറ്റു. കവർച്ചാസംഘത്തിലെ ഒരാൾക്കും പരുക്കേറ്റതായാണ് സൂചന.

നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ കോണിപ്പടിയിൽ ഇന്നലെ രാവിലെ 11.15നായിരുന്നു സംഭവം. അമരമ്പലം സൗത്ത് കിഴക്കേ പാലമഠം കുമ്മാളി ഫിറോസാണ് പരാതിക്കാരൻ.

ചെറുകോട് സ്വദേശിയായ സുഹൃത്ത് തന്റെ അക്കൗണ്ടിൽ കടമായി പത്ത് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെന്നും ഇതിൽ 5,000 രൂപ ഒഴികെയുള്ള തുക പിൻവലിച്ച് പുറത്തിറങ്ങുമ്പോൾ സംഘം വളഞ്ഞ് മർദിച്ച് പണം കവർന്നെന്നുമാണ് ഫിറോസിന്റെ പരാതി.

ആക്രമണത്തിനിടെ കവർച്ചാസംഘത്തിലെ ഒരാൾ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ചപ്പോൾ ഫിറോസ് അത് പിടിച്ചുവാങ്ങി സംഘത്തിലെ ഒരാളെ കുത്തി പരുക്കേൽപിച്ചതായും പറയുന്നു. തുടർന്ന് പണവുമായി സംഘം വെള്ളനിറത്തിലുള്ള കാറിൽ രക്ഷപ്പെട്ടു. കൂടുതൽ പേർ സംഘത്തിലുണ്ടായിരുന്നതായും സൂചനയുണ്ട്.

പരുക്കേറ്റ ഫിറോസ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് തുടർനടപടികൾ ആരംഭിച്ചു.

You may also like