പത്തനംതിട്ട: സന്നിധാനത്ത് വർഷങ്ങളായി ഒരേ ചുമതലകൾ കൈകാര്യം ചെയ്യുന്ന ദേവസ്വം ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കണമെന്ന് ദേവസ്വം വിജിലൻസിന്റെ ശുപാർശ. ക്രമക്കേടുകൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സ്ഥിരം ചുമതലക്കാർക്ക് മാറ്റം വേണമെന്ന് വിജിലൻസ് നിർദേശിച്ചിരിക്കുന്നത്.
സന്നിധാനത്തെ താമസസൗകര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്കോ അപ്രധാന ചുമതലകളിലേക്കോ മാറ്റണമെന്നാണ് നിർദേശം. താമസസൗകര്യങ്ങൾ അനുവദിക്കുന്നതിൽ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിലാണ് വിജിലൻസിന്റെ ഇടപെടൽ.
ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ സമ്മർദത്തെത്തുടർന്ന് ചിലർ വർഷങ്ങളായി ഒരേ ചുമതലകൾ തന്നെ ഏറ്റെടുക്കുന്നതായാണ് വിലയിരുത്തൽ. വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷിക്കാനോ ക്രമക്കേടുകൾ നടത്താനോ വേണ്ടിയാണ് ഇത്തരത്തിൽ ചുമതലകൾ നിലനിർത്തുന്നതെന്ന സംശയവും ഉയരുന്നുണ്ട്.
അതേസമയം, മറ്റൊരു വിഭാഗം ഉദ്യോഗസ്ഥർ ശബരിമല ഡ്യൂട്ടി ഒഴിവാക്കാൻ ശ്രമിക്കുന്നതും പ്രതിസന്ധിയാണ്. ജീവനക്കാരുടെ കുറവ് പരിഹരിക്കാനായില്ലെങ്കിൽ അത് തീർഥാടന ക്രമീകരണങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
