തിരുവനന്തപുരം: പൊലീസ് സംഘടനകളിലെ അധികാരത്തർക്കത്തിന് അറുതിവരുത്താൻ ഇടപെട്ട് സംസ്ഥാന പൊലീസ് മേധാവി റാവഡ എ. ചന്ദ്രശേഖർ. സംഘടനകളുടെ പുനഃസംഘടനയ്ക്ക് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിട്ടും ഭരണച്ചുമതല അഡ്ഹോക് കമ്മിറ്റികൾക്ക് കൈമാറാത്ത സാഹചര്യത്തിലാണ് ഡിജിപിയുടെ അടിയന്തര ഉത്തരവ്.
എല്ലാ രജിസ്റ്ററുകളും ബാങ്ക് അക്കൗണ്ട് രേഖകളും നാളേക്കകം കൈമാറണമെന്നും സംഘടനകളുടെ ഓഫീസുകൾ അടിയന്തരമായി പുതിയ ഭരണസമിതികൾക്ക് വിട്ടുനൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തിയിരുന്നു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകളുടെ ഭരണസമിതികൾ പിരിച്ചുവിട്ട് രണ്ടെണ്ണമാക്കി പുനഃസംഘടിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം.
ഇതിനെതിരെ സംഘടനകൾ നൽകിയ ഹർജിയിൽ സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് സർക്കാരിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതോടെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെപിഒഎ) ഇല്ലാതാകുന്ന സാഹചര്യമുണ്ടായി. പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതുവരെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ അഡ്ഹോക് കമ്മിറ്റികളെയും നിയോഗിച്ചിരുന്നു. ഇവർക്ക് ചുമതല കൈമാറുന്നതിലെ കാലതാമസമാണ് ഡിജിപിയുടെ ഇടപെടലിന് വഴിവച്ചത്.
