Home Editorialആറുമാസം പിന്നിടുമ്പോൾവാക്കുകൾക്കപ്പുറം ഭരണഫലം വേണം

ആറുമാസം പിന്നിടുമ്പോൾവാക്കുകൾക്കപ്പുറം ഭരണഫലം വേണം

by news_desk
0 comments

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ അധികാരമാറ്റമുണ്ടായപ്പോൾ ജനങ്ങൾ പ്രതീക്ഷിച്ചത് പുതിയൊരു ഭരണശൈലി മാത്രമായിരുന്നില്ല; ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന മാറ്റങ്ങളായിരുന്നു. നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തിയ യു.ഡി.എഫിന് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽപ്പോലും പതിനൊന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിനും ചർച്ചകൾക്കും ശേഷമാണ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനായത്. അധികാരത്തിലേക്കുള്ള യാത്രയിലെ രാഷ്ട്രീയ വടംവലികൾക്കുശേഷം സർക്കാർ ആറുമാസം പിന്നിടുമ്പോൾ, മധുവിധുകാലം അവസാനിച്ചിരിക്കുന്നു. ഇനി വിലയിരുത്തപ്പെടേണ്ടത് ഭരണത്തിന്റെ പ്രഖ്യാപനങ്ങളല്ല, ജനജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ്. ആദ്യ ആറുമാസത്തെ ഭരണത്തെ പൂർണമായി തള്ളിക്കളയാനോ നേട്ടങ്ങളുടെ പട്ടികയിൽ മാത്രം ഒതുക്കാനോ കഴിയില്ല. മുൻ സർക്കാരിന്റെ ഭരണശൈലിയിൽനിന്ന് വ്യത്യസ്തമായി ജനങ്ങളോട് കൂടുതൽ അടുത്തുനിൽക്കാനും അവരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാനും പുതിയ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഭരണശൈലിയിലെ മാറ്റം വികസനത്തിലും സാധാരണക്കാരുടെ ജീവിതനിലവാരത്തിലും എത്രത്തോളം പ്രതിഫലിച്ചുവെന്ന ചോദ്യം പ്രസക്തമാണ്. നികുതി നിരക്കുകളും ഫീസുകളും വർധിപ്പിക്കാതെ വരുമാനം ഉയർത്താനായത് സർക്കാരിന്റെ ആദ്യകാലത്തെ ശ്രദ്ധേയമായ നേട്ടമാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസത്തിൽ നികുതി വരുമാനം 51,367 കോടിയിൽനിന്ന് 62,506 കോടി രൂപയായി ഉയർന്നു. 11,139 കോടിയുടെ വർധന; വളർച്ച 21.69 ശതമാനം. നികുതിയേതര വരുമാനവും 5,968 കോടിയിൽനിന്ന് 10,263 കോടിയായി ഉയർന്നു. ഒക്ടോബറിലെ ജി.എസ്.ടി വരുമാനത്തിലുണ്ടായ 27 ശതമാനത്തിലേറെ വളർച്ചയും സാമ്പത്തിക ഇടപാടുകൾ സജീവമാകുന്നതിന്റെ സൂചനയാണ്. നികുതി ഭാരം കൂട്ടാതെ വരുമാനം വർധിപ്പിക്കാനുള്ള സമീപനം അഭിനന്ദനാർഹമാണ്.
എന്നാൽ, ഈ കണക്കുകൾ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചുവെന്നതിന്റെ തെളിവല്ല. പ്രതീക്ഷിച്ച കേന്ദ്ര ഗ്രാന്റിൽ കുറവുണ്ടായതും വാർഷിക കടമെടുപ്പ് പരിധിയുടെ വലിയൊരു ഭാഗം ആദ്യപകുതിയിൽത്തന്നെ ഉപയോഗിക്കേണ്ടിവന്നതും ഗൗരവത്തോടെ കാണണം. വരുമാനവർധനയ്ക്കൊപ്പം നികുതി ചോർച്ച തടയാനും പിരിവ് കാര്യക്ഷമമാക്കാനും ചെലവുകളിൽ കർശനമായ മുൻഗണന നിശ്ചയിക്കാനും സർക്കാർ തയ്യാറാകണം. വരുമാനം കൂടുമ്പോൾ ധനകാര്യ അച്ചടക്കവും ശക്തിപ്പെടണം. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി, ആശാ–അങ്കണവാടി പ്രവർത്തകരുടെ ഓണറേറിയം വർധന, ക്ഷേമപെൻഷൻ വിതരണം, ഓണക്കാലത്തെ സാമ്പത്തിക സഹായം എന്നിവ ജനക്ഷേമരംഗത്തെ ശ്രദ്ധേയമായ ഇടപെടലുകളാണ്. സാധാരണക്കാരുടെ കൈകളിലേക്ക് പണമെത്തുമ്പോൾ വിപണിയിലും അതിന്റെ പ്രതിഫലനമുണ്ടാകും. ഓണക്കാലത്തെ സാമ്പത്തിക ഉണർവ് നികുതി വരുമാനവർധനയ്ക്കും സഹായകമായെന്ന വിലയിരുത്തലിന് പ്രസക്തിയുണ്ട്. ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങളും മിഷൻ സമുദ്രയും വ്യവസായസൗഹൃദ നയങ്ങളും പ്രതീക്ഷ നൽകുന്നു. എന്നാൽ, പദ്ധതികളുടെ വിജയം പ്രഖ്യാപനങ്ങളിലല്ല, അവയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നടത്തിപ്പിലാണ്. സർക്കാരിന്റെ തീരുമാനങ്ങളിലെ സുതാര്യതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ട ചില സംഭവങ്ങൾ ഈ ആറുമാസത്തിനിടെയുണ്ടായി. വൈദ്യുതി വാങ്ങൽ, ബാർ ലൈസൻസ് തുടങ്ങിയ വിഷയങ്ങളിലെ വിവാദങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരം കൈകാര്യം ചെയ്ത രീതിയും വിമർശനവിധേയമായി. സമരപ്പന്തൽ പൊളിച്ചുനീക്കുന്നതിലേക്കോ സമരക്കാരെ നേരിടുന്നതിലേക്കോ കാര്യങ്ങൾ എത്തിക്കുന്നതിനുപകരം ചർച്ചയിലൂടെ പരിഹാരം കണ്ടെത്താനായിരുന്നു സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്. പി.എസ്.സി നിയമനങ്ങളിലെ കാലതാമസവും ബോർഡുകളിലും കോർപറേഷനുകളിലും അധ്യക്ഷന്മാരെ നിയമിക്കുന്നതിലെ അനിശ്ചിതത്വവും ഭരണത്തിന്റെ വേഗത്തെ ബാധിക്കുന്നു. ജീവനക്കാരുടെ ശമ്പളപരിഷ്കരണവും മെഡിസെപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അനിശ്ചിതമായി നീളരുത്. ഭരണത്തിന്റെ കാര്യക്ഷമതയ്ക്ക് മന്ത്രിസഭയ്ക്കുള്ളിലെ ഏകോപനവും മുന്നണിയിലെ കൂട്ടായ്മയും അനിവാര്യമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായ ചർച്ചകൾക്ക് വഴിവെക്കുന്നത് സർക്കാരിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തും. ഓരോ മന്ത്രിക്കും സ്വന്തം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വ്യക്തമായ ധാരണയും ഉത്തരവാദിത്തവുമുണ്ടാകണം. ഘടകകക്ഷികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ ഭരണതീരുമാനങ്ങളെ ബാധിക്കാതിരിക്കാനുള്ള രാഷ്ട്രീയ നേതൃത്വം മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകണം. കൂട്ടുത്തരവാദിത്തം ഭരണഘടനാപരമായ ബാധ്യത മാത്രമല്ല, ജനങ്ങളോടുള്ള രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ്. മുൻ സർക്കാരിന്റെ കാലത്തെ വീഴ്ചകളും ക്രമക്കേടുകളും പരിശോധിക്കേണ്ടത് പുതിയ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, അത്തരം പരിശോധനകൾ രാഷ്ട്രീയപ്രതികാരമായി വ്യാഖ്യാനിക്കപ്പെടാത്തവിധം സുതാര്യവും സമയബന്ധിതവുമായിരിക്കണം. അതോടൊപ്പം, മുൻ സർക്കാർ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികൾ രാഷ്ട്രീയവ്യത്യാസത്തിന്റെ പേരിൽ ഉപേക്ഷിക്കാതെ കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള പക്വതയും പുതിയ സർക്കാർ കാണിക്കണം. ഭരണമാറ്റം വികസനത്തിന്റെ തുടർച്ചയ്ക്ക് തടസ്സമാകരുത്. ആറുമാസം ഒരു സർക്കാരിന്റെ പ്രവർത്തനങ്ങളെ അന്തിമമായി വിധിയെഴുതാനുള്ള കാലയളവല്ല. എന്നാൽ, ഭരണത്തിന്റെ ദിശയും മുൻഗണനകളും തിരിച്ചറിയാൻ ഈ കാലം മതിയാകും. വരുമാനം വർധിപ്പിക്കാനായതും ക്ഷേമപ്രവർത്തനങ്ങൾ തുടരാനായതും വികസനച്ചെലവിൽ മുന്നേറ്റമുണ്ടായതും അംഗീകരിക്കപ്പെടേണ്ട നേട്ടങ്ങളാണ്. അതേസമയം, സാമ്പത്തിക പ്രതിസന്ധി, തൊഴിലവസരങ്ങളുടെ കുറവ്, നിയമനങ്ങളിലെ കാലതാമസം, ഭരണത്തിലെ ഏകോപനക്കുറവ് എന്നിവയ്ക്ക് പരിഹാരം കാണാതെ മുന്നോട്ടുപോകാനാവില്ല. ജനങ്ങൾ ഒരു സർക്കാരിനെ വിലയിരുത്തുന്നത് അതിന്റെ പ്രഖ്യാപനങ്ങളുടെ എണ്ണത്തിലല്ല; തങ്ങളുടെ ജീവിതത്തിൽ അത് സൃഷ്ടിക്കുന്ന മാറ്റങ്ങളിലൂടെയാണ്. അധികാരമാറ്റം പ്രതീക്ഷയുടെ തുടക്കമായിരുന്നു. ആ പ്രതീക്ഷയെ വിശ്വാസമാക്കി മാറ്റേണ്ട ഉത്തരവാദിത്തമാണ് ഇനി സർക്കാരിനുള്ളത്. വാക്കുകൾക്കപ്പുറം പ്രവർത്തനവും പ്രഖ്യാപനങ്ങൾക്കപ്പുറം ഫലവും ഉണ്ടാകുമ്പോഴേ ഈ ഭരണമാറ്റം അർഥവത്താകൂ.

You may also like