തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്താൻ ആദ്യം തേങ്ങകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയെന്ന് ഒന്നാം പ്രതിയായ 17കാരന്റെ മൊഴി. അഭിരാമിന്റെ തല നിലത്തിടിച്ചാണ് പരുക്കേൽപ്പിച്ചതെന്നായിരുന്നു പ്രതി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയോട്ടിക്കേറ്റ ഗുരുതര പരുക്ക് നിലത്തടിച്ചതിലൂടെ ഉണ്ടായതല്ലെന്ന് വ്യക്തമായതോടെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.
പുറമേയുള്ള പരുക്കുകളേക്കാൾ ഗുരുതരമായ ആന്തരിക പരുക്കും രക്തസ്രാവവും കണ്ടെത്തിയിരുന്നു. തുടർന്നുള്ള കൗൺസിലിങ്ങിനിടെയാണ് പറമ്പിൽനിന്ന് തേങ്ങയെടുത്ത് അഭിരാമിന്റെ തലയ്ക്ക് ശക്തമായി അടിച്ചുവെന്ന് പ്രതി വെളിപ്പെടുത്തിയത്. അടിയേറ്റ് ബോധരഹിതനായി വീണ അഭിരാമിനെ തുടർന്ന് രണ്ടാം പ്രതിയായ ഉമറിനെ വിളിച്ചുവരുത്തി. ഉമർ എത്തിയശേഷം ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ. മൂന്നാഴ്ചയോളം മൊഴികൾ മാറ്റിപ്പറഞ്ഞ് അന്വേഷണസംഘത്തെ വഴിതെറ്റിച്ചശേഷമാണ് ഉമർ ഒടുവിൽ തൊണ്ടിമുതലുകൾ ഒളിപ്പിച്ച സ്ഥലം കാണിച്ചുകൊടുത്തത്.
