Home Nationalഅക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

by news_desk1
0 comments

ഹൈദരാബാദ്: നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണത്തിനു പിന്നാലെ മെറ്റയുടെ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഹൈദരാബാദിലെ റായ്ദുർഗിലുള്ള മെറ്റ ഓഫിസിലാണ് തെലങ്കാന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവും അതിക്രമവും നടത്തിയത്.

സംസ്ഥാന പ്രസിഡന്റ് ജക്കിഡി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ മെറ്റയ്ക്കും ബി.ജെ.പിക്കുമെതിരെ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ ഓഫിസിലെത്തിയത്. ഓഫിസിലുണ്ടായിരുന്ന പൂച്ചട്ടികൾ തകർത്ത പ്രവർത്തകർ പിന്നീട് അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏകദേശം 25 പ്രവർത്തകർ സംഘത്തിലുണ്ടായിരുന്നെന്നാണ് വിവരം. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ബി.ജെ.പി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളായ ഉദയ് ഭാനു, മനീഷ് ശർമ എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചെന്നാണ് സംഘടനയുടെ ആരോപണം. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ മെറ്റയോട് ‘നട്ടെല്ല് കാണിക്കൂ’ എന്ന് ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ്, മരവിപ്പിച്ച അക്കൗണ്ടുകൾ ഏഴു ദിവസത്തിനകം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

You may also like