കൊച്ചി: ബിരുദ പരീക്ഷ പാസാകാത്ത വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രവേശന നടപടികളിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. 2017ലും 2021ലും നടന്ന പ്രവേശനങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സർവകലാശാല സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു.
സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ 2014–17 കാലയളവിൽ ബിഎ പഠിച്ച വിദ്യാർഥിനിക്കാണ് 2017ൽ അതേ കേന്ദ്രത്തിൽ എംഎ പ്രവേശനം ലഭിച്ചത്. 2019ൽ എംഎ പാസാകുകയും ചെയ്തു. എന്നാൽ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്ന ഘട്ടത്തിലാണ് ബിരുദ പരീക്ഷയ്ക്ക് ആവശ്യമായ പാസ് മാർക്ക് ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതെന്നാണ് സംസ്ഥാന ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. അഞ്ചാം സെമസ്റ്ററിലെ എല്ലാ വിഷയങ്ങളിലും പരാജയപ്പെട്ട വിദ്യാർഥിനി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു സംഭവത്തിൽ, 2001ൽ സർവകലാശാലയിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് 2021ലാണ് എംഎഫ്എ പ്രവേശനം ലഭിച്ചത്. ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട ഒൻപത് വിദ്യാർഥികളിൽ ഇയാളും ഉൾപ്പെട്ടിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്ന സമയത്താണ് ബിരുദം പാസായിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
ഇക്കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരത്തേ വിശദീകരണം തേടിയിരുന്നെങ്കിലും സർവകലാശാല മറുപടി നൽകിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അനധികൃത പ്രവേശനത്തിനു പിന്നിൽ അന്ന് തുറവൂർ ക്യാംപസ് ഡയറക്ടറായിരുന്ന എൽഡിഎഫ് സിൻഡിക്കേറ്റ് അംഗത്തിന് പങ്കുണ്ടെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ആരോപണം. ഇതുസംബന്ധിച്ച് കമ്മിറ്റിയുടെ പരാതി ചാൻസലർക്കും മന്ത്രിക്കും നൽകിയിട്ടുണ്ട്.
ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് പ്രവേശന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഡിഗ്രി പാസാകാത്തവർക്ക് പിജി പ്രവേശനം നൽകിയെന്ന പരാതി ഇതാദ്യമല്ല കാലടി സർവകലാശാലയിൽ ഉയരുന്നത്. അധ്യാപക അനുപാതം പാലിക്കാതെ 19 പേരെ അനധികൃതമായി നിയമിച്ചെന്ന ഓഡിറ്റ് കണ്ടെത്തലിലും നേരത്തേ സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ നിയമനങ്ങൾ നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു.
