കൊച്ചി: 22 ദിവസം നീണ്ട നിരാഹാര സമരത്തിനും 84 ദിവസത്തെ സസ്പെൻഷനും ഒടുവിൽ കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് അനുകൂല വിധി. വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയ ഹൈക്കോടതി, അച്ചടക്ക സമിതിയുടെ റിപ്പോർട്ടും അസാധുവാക്കി. ഇതോടെ സർവകലാശാലാ വൈസ് ചാൻസലർക്കും അധികൃതർക്കും കനത്ത തിരിച്ചടിയായി കോടതി വിധി.
വിദ്യാർഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളോട് മാപ്പ് പറയാൻ സർവകലാശാല കൈക്കൊണ്ട തീരുമാനവും കോടതി റദ്ദാക്കി.
സംഭവത്തിൽ സർവകലാശാല പുതിയ അന്വേഷണം നടത്തണം. എന്നാൽ, നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം അന്വേഷണം. ഇതിനകം വിദ്യാർഥികൾ അനുഭവിച്ച 84 ദിവസത്തെ സസ്പെൻഷൻ കാലയളവും പുതിയ അന്വേഷണത്തിൽ പരിഗണിക്കണം. പുതിയ അന്വേഷണം വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള ഉപാധിയായി മാറരുതെന്നും കോടതി പ്രത്യേകം നിർദേശിച്ചു.
വിദ്യാർഥികൾക്ക് അനുകൂലമായി വിധി വന്നതോടെ 22 ദിവസമായി നിരാഹാര സമരം നടത്തുന്നവർ സമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. സസ്പെൻഷൻ നടപടി വന്ന് 84 ദിവസം പിന്നിട്ട ശേഷമാണ് വിദ്യാർഥികൾക്ക് ആശ്വാസമാകുന്ന കോടതി വിധി എത്തിയത്.
