തൃശൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ 77കാരനെ കണ്ടെത്തിയത് മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മരിച്ച നിലയിൽ. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാക്കുട്ടി റാവുത്തറുടെ മൃതദേഹം കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ച് 36 മണിക്കൂറോളം പിന്നിട്ടിരുന്നു. രോഗിയെ കാണാതായതും മൃതദേഹം കണ്ടെത്താൻ വൈകിയതും ആശുപത്രിയിലെ നിരീക്ഷണ സംവിധാനങ്ങളെയും ശുചീകരണ പ്രവർത്തനങ്ങളെയും കുറിച്ച് ഗുരുതര ചോദ്യങ്ങളുയർത്തുകയാണ്.
ഈ മാസം 16നാണ് മാക്കുട്ടി റാവുത്തറെ (77) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അജ്ഞാത രോഗിയായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വ്യാഴാഴ്ച മുതൽ ഇയാളെ വാർഡിൽ കാണാതാവുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും കൂട്ടിരിപ്പുകാരായി ആരും ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. എന്നാൽ, മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം പോലും ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മാക്കുട്ടി റാവുത്തർ മരിച്ചിട്ട് 36 മണിക്കൂറോളം കഴിഞ്ഞിരുന്നതായി സ്ഥിരീകരിച്ചത്. ഇതോടെ ഒന്നര ദിവസത്തോളം മൃതദേഹം ശുചിമുറിയിൽ കിടന്നിട്ടും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലേയെന്ന ചോദ്യം ഉയർന്നു. 20ന് ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നും ആശുപത്രിയിലെ ശുചിമുറികൾ ദിവസവും വൃത്തിയാക്കുന്നുണ്ടെന്നുമാണ് സൂപ്രണ്ട് ഡോ. ലിജോയുടെ വിശദീകരണം.
രോഗിയെ കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാൾ എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ ശ്രമിച്ചിരുന്നു. 19ന് രോഗിയെ കാണാതായതുമുതൽ 21ന് മൃതദേഹം കണ്ടെത്തുന്നതുവരെ ശുചിമുറി വൃത്തിയാക്കിയിരുന്നില്ലേയെന്ന് ജീവനക്കാരോട് ചോദിച്ചിരുന്നതായും വൃത്തിയാക്കിയെന്നാണ് മറുപടി ലഭിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത്തരം പരാതികൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, ചികിത്സയിലിരുന്ന രോഗിയെ കാണാതായിട്ടും മരണവിവരം കണ്ടെത്താൻ വൈകിയ സംഭവത്തിൽ ആശുപത്രിയുടെ നിരീക്ഷണവും ശുചീകരണ സംവിധാനങ്ങളും വീണ്ടും ചോദ്യമുനയിലാണ്.
