കൊച്ചി: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറത്ത് വിദ്യാർഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിവാദമായ എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ അടച്ചുപൂട്ടി. ക്രീമിന്റെ പരസ്യങ്ങളിൽ നൽകിയിരുന്ന ഫോൺ നമ്പറുകളും പ്രവർത്തനരഹിതമായി. നമ്പറുകളുടെ ഉടമകളെ കണ്ടെത്തുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് സൈബർ സെല്ലിന്റെ സഹായം തേടി. വിദ്യാർഥിനിയുടെ വിശദമായ മൊഴിയും വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
എഫ് ട്യൂണുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നാല് ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന കാസർകോട് സ്വദേശിനിയുടെ നമ്പറും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അന്വേഷണ സംഘത്തിന്റെ ഇടപെടലിനെ തുടർന്നാണ് വെബ്സൈറ്റുകൾ അടച്ചതെന്നാണ് വിവരം.
അതേസമയം, വ്യാജ ഫെയർനെസ് ക്രീമുകളുടെ യഥാർഥ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ പൊലീസും ഡ്രഗ്സ് കൺട്രോൾ വിഭാഗവും പരിശോധനകൾ നടത്തിയിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലുമുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണ സംഘം പരിശോധന നടത്തി. ഈ രണ്ട് ജില്ലകളിലാണ് ഇത്തരം ക്രീമുകളുടെ വിൽപന വ്യാപകമെന്നാണ് കണ്ടെത്തൽ. ക്രീമുകൾ വിപണിയിലെത്തിക്കുന്ന വഴികൾ കണ്ടെത്തി വിൽപന പൂർണമായും തടയുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. എന്നാൽ, വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ എഫ് ട്യൂൺ ക്രീം ഇപ്പോഴും വിൽപനയ്ക്ക് ലഭ്യമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.
വിദേശത്തുനിന്ന് ബൾക്കായി എത്തിക്കുന്ന ക്രീമുകൾ ഇന്ത്യയിൽ റീപാക്ക് ചെയ്ത് വിവിധ ബ്രാൻഡുകളുടെ പേരിൽ വിൽക്കുന്ന രീതിയാണ് നേരത്തെയുള്ള അന്വേഷണങ്ങളിൽ കണ്ടെത്തിയത്. എന്നാൽ, റീപാക്കിങ് നടത്തുന്നത് ആരാണെന്നോ ഉൽപന്നങ്ങളുടെ ഉടമസ്ഥാവകാശവും വിപണനാവകാശവും ആർക്കാണെന്നോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നേരത്തെ വിറ്റഴിച്ചിരുന്ന അതേ ക്രീമുകൾ പുതിയ ബ്രാൻഡുകളുടെ പേരിൽ വീണ്ടും വിപണിയിലെത്തുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിലവിലെ സംഭവത്തിലും ക്രീമുകളുടെ പാക്കിങ് കേന്ദ്രങ്ങൾ കാസർകോടാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദുബായ്, പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ എത്തിക്കുന്ന ക്രീമുകൾ കാസർകോട് എത്തിച്ച് റീപാക്ക് ചെയ്യുകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് പിന്നിലുള്ളവരെയും വിതരണ ശൃംഖലയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
