കൊച്ചി: ഒരുകാലത്ത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഓറഞ്ച് പാനീയമായിരുന്ന ഗോൾഡ് സ്പോട്ട് വീണ്ടും വിപണിയിലേക്ക്. 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനപ്രിയ ബ്രാൻഡിനെ തിരിച്ചെത്തിക്കാനുള്ള നീക്കവുമായി കൊക്കക്കോള. ഇതിനിടെ ഗോൾഡ് സ്പോട്ട് ക്യാനുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണിയും ഭാര്യ സാക്ഷിയും ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
പാർലെ ബിസ്‌ലേരിയുടെ ഉടമ രമേഷ് ചൗഹാനിൽനിന്ന് 1993ലാണ് കൊക്കക്കോള ഗോൾഡ് സ്പോട്ട്, തംപ്‌സ് അപ്പ്, ലിംക എന്നീ ബ്രാൻഡുകൾ സ്വന്തമാക്കിയത്. തംപ്‌സ് അപ്പും ലിംകയും വിപണിയിൽ നിലനിർത്തിയെങ്കിലും ഫാന്റയുടെ സാന്നിധ്യം കണക്കിലെടുത്ത് ഗോൾഡ് സ്പോട്ടിനെ പിന്നീട് കൊക്കക്കോള ഒഴിവാക്കുകയായിരുന്നു.
ഇപ്പോഴത്തെ തിരിച്ചുവരവിൽ ഗോൾഡ് സ്പോട്ടിനെ പഞ്ചസാര രഹിത പാനീയമായാണ് അവതരിപ്പിക്കാൻ ആലോചിക്കുന്നതെന്നാണ് വിവരം. പുതിയ നീക്കം യാഥാർഥ്യമായാൽ പഴയ തലമുറയുടെ ഗൃഹാതുര ഓർമകളിൽ ഇടംപിടിച്ച ഓറഞ്ച് പാനീയത്തിന് വീണ്ടും വിപണിയിൽ സാന്നിധ്യമുറപ്പിക്കാനാകും.
അതേസമയം, ഗോൾഡ് സ്പോട്ട് ക്യാനുമായി ധോണിയും ഭാര്യ സാക്ഷിയും ഇരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ബ്രാൻഡിന്റെ തിരിച്ചുവരവ് ചർച്ചകൾക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചത്.
