കൊച്ചി: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിൽ പ്രതികളായ ഗൺമാൻമാർക്കെതിരെ നിർണായക തെളിവുകളാണ് പുറത്തുവരുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ നൽകിയ മൊഴി ഗൺമാൻമാരുടെ നിലപാടിന് തിരിച്ചടിയായിരിക്കുകയാണ്.
ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ചത് ഔദ്യോഗിക പൊലീസ് ലാത്തിയല്ലെന്നും, സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പൊലീസ് മാനുവൽ പ്രകാരം ഗൺമാൻമാർക്ക് അനുവദിച്ചിരിക്കുന്ന ആയുധം തോക്ക് മാത്രമാണെന്നും മൊഴിയിൽ പറയുന്നു.
ആലപ്പുഴയിലെ സംഭവത്തിൽ ഉപയോഗിച്ച വടി പൊലീസ് മാനദണ്ഡങ്ങൾ പാലിക്കുന്നതല്ലെന്നും, അത് സുരക്ഷാ ഉദ്യോഗസ്ഥർ സ്വകാര്യമായി വാങ്ങിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥൻ അറിയിച്ചു. പൊലീസ് മാനുവൽ അനുസരിച്ച് ഔദ്യോഗിക ലാത്തിക്ക് 32 ഇഞ്ച് നീളമേ അനുവദിക്കൂ. എന്നാൽ സംഭവത്തിൽ ഉപയോഗിച്ച വടി അതിനേക്കാൾ നീളമുള്ളതായിരുന്നുവെന്നും മൊഴിയിൽ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ ഗൺമാൻമാർ ഉപയോഗിച്ച വടി ഔദ്യോഗിക ഉപകരണമല്ലെന്നും, അത് സേവന ചട്ടങ്ങൾക്കും പൊലീസ് മാനുവലിനും വിരുദ്ധമാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. കേസിലെ ഗൂഢാലോചന, അധികാര ദുരുപയോഗം, ചട്ടലംഘനം എന്നിവയുൾപ്പെടെയുള്ള വശങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവകേരള യാത്രയ്ക്കിടെ നടന്ന മർദനസംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമായിരുന്നു. പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ കേസിലെ തുടർനടപടികൾ കൂടുതൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

