Home Keralaആലപ്പുഴ ദേശീയപാത ഗർത്തം; ഉത്തരവ് ലംഘിച്ച് കായൽമണൽ ഉപയോഗിച്ചെന്ന് കണ്ടെത്തൽ, കരാർ കമ്പനിക്കെതിരെ ഗുരുതര ആരോപണം

ആലപ്പുഴ ദേശീയപാത ഗർത്തം; ഉത്തരവ് ലംഘിച്ച് കായൽമണൽ ഉപയോഗിച്ചെന്ന് കണ്ടെത്തൽ, കരാർ കമ്പനിക്കെതിരെ ഗുരുതര ആരോപണം

by news_desk1
0 comments

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത കായൽമണൽ വ്യാപകമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഹരിയാന ആസ്ഥാനമായ കെസിസി എന്ന കരാർ കമ്പനിയാണ് നിർമാണം നടത്തിയത്. ഏകദേശം 55,000 ലോഡ് കായൽമണൽ നിർമാണത്തിനായി ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.

ഭൂമി നികത്താൻ മാത്രമേ കായൽമണൽ ഉപയോഗിക്കാവൂ എന്ന സർക്കാർ ഉത്തരവ് മറികടന്നാണ് നിർമാണം നടത്തിയതെന്നാണ് ആരോപണം. കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ ഉത്തരവിലും നിർമാണ പ്രവർത്തനങ്ങൾക്ക് കായൽമണൽ അനുയോജ്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി നികത്താൻ മാത്രമായി സൗജന്യമായി കായൽമണൽ എടുക്കാൻ അനുമതി നൽകിയിരുന്നുവെങ്കിലും, അത് നിർമാണത്തിന് ഉപയോഗിക്കരുതെന്ന് ഉത്തരവിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.

ദേശീയപാത നിർമാണം അശാസ്ത്രീയമാണെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും പാർട്ടി ആരോപിച്ചു.

തുറവൂർ മുതൽ ഓച്ചിറ വരെയുള്ള ഉയരപ്പാതകളിൽ പലയിടങ്ങളിലും കായൽമണ്ണാണ് നിറച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. ഇതിലൂടെ കരാർ കമ്പനിക്ക് കോടികളുടെ ലാഭം ലഭിച്ചതായും വിമർശനമുണ്ട്.

ചേർത്തലയിൽ ദേശീയപാതയിൽ 12 അടി താഴ്ചയുള്ള ഭീമൻ ഗർത്തം രൂപപ്പെട്ടത് പൈപ്പ് പൊട്ടി കായൽമണ്ണ് കോൺക്രീറ്റ് പാളികൾക്കടിയിലൂടെ ഒലിച്ചുപോയതിനെ തുടർന്നാണെന്നാണ് വിലയിരുത്തൽ.

കായലിൽ നിന്നുള്ള മണൽ ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്നുവെന്ന വിവരം ഒരു വർഷം മുമ്പ് തന്നെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്നിരുന്നു. കായൽമണൽ ഉപയോഗിക്കുന്നത് ഭാവിയിൽ അപകടത്തിന് കാരണമാകാമെന്നും അന്ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു വർഷത്തിന് ശേഷം ദേശീയപാതയിൽ രൂപപ്പെട്ട വലിയ ഗർത്തം ആ ആശങ്കകൾ ശരിവെക്കുന്നതാണെന്നാണ് വിലയിരുത്തൽ.

അതേസമയം, നിർമാണത്തിനായി വേമ്പനാട് കായലിൽ നിന്ന് മണലെടുത്തതും മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന വിമർശനവും ശക്തമാണ്. മൂന്ന് മീറ്റർ ആഴത്തിൽ മാത്രം മണലെടുക്കാനായിരുന്നു ഇറിഗേഷൻ വകുപ്പിന്റെ അനുമതി. എന്നാൽ 12 മീറ്റർ ആഴത്തിലാണ് മണൽ എടുത്തതെന്നാണ് ആരോപണം. പഞ്ചായത്തിന് റോയൽറ്റി നൽകണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

മണലെടുത്ത ശേഷം അവശേഷിച്ച ചെളി കായലിൽ തന്നെ തള്ളിയതായും ഇതുമൂലം കണ്ണങ്കര മേഖലയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടായതായും ആരോപണമുണ്ട്. ചെളി കുമിഞ്ഞുകൂടി കായൽതീരം നികന്നതോടെ കക്കവാരൽ ഉൾപ്പെടെയുള്ള ഉൾനാടൻ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന 240 കുടുംബങ്ങളുടെ ഉപജീവനമാർഗവും പ്രതിസന്ധിയിലായതായി പരാതിയുണ്ട്.

ഈ വിഷയത്തിൽ എം.എൽ.എ പി. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്നാണ് മണൽവാരൽ താൽക്കാലികമായി നിർത്തിവെച്ചത്.

You may also like