Home Kerala‘അമ്മ’ വിവാദം: നിയമനടപടിയിലേക്ക് അൻസിബ ഹസൻ; ലക്ഷ്മി പ്രിയക്കും എസ്‌എച്ച്ഒയ്ക്കുമെതിരെ പരാതി

‘അമ്മ’ വിവാദം: നിയമനടപടിയിലേക്ക് അൻസിബ ഹസൻ; ലക്ഷ്മി പ്രിയക്കും എസ്‌എച്ച്ഒയ്ക്കുമെതിരെ പരാതി

by news_desk1
0 comments

കൊച്ചി: താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമനടപടിയിലേക്ക് നടിയും അവതാരകയുമായ അൻസിബ ഹസൻ. തൃപ്പൂണിത്തറ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെയാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നടപടി.

തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും വ്യാജ ആരോപണങ്ങളും ഉയർത്തിയെന്നാണ് അൻസിബയുടെ ആരോപണം. ഇതുമൂലം വ്യക്തിപരമായും തൊഴിൽപരമായും വലിയ മാനസിക ബുദ്ധിമുട്ടുകളും നഷ്ടങ്ങളും നേരിട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അൻസിബ അറിയിച്ചു.

‘അമ്മ’ സംഘടനയ്ക്കുള്ളിലെ പരാതികളും തർക്കങ്ങളും പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. വിഷയത്തിൽ ചിലരുടെ ഇടപെടലുകളും പൊലീസ് നടപടികളും ചോദ്യം ചെയ്താണ് അൻസിബ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തൃപ്പൂണിത്തറ എസ്‌എച്ച്ഒയുടെ ഭാഗത്ത് നിന്നും നിയമപരമായ വീഴ്ച ഉണ്ടായെന്ന ആരോപണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.

സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ സിനിമാരംഗത്തും സംഘടനാ തലത്തിലും വിഷയം ചർച്ചയാകുകയാണ്. പരാതിയിൽ ബന്ധപ്പെട്ടവരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

You may also like