Home Top Storiesഹാപ്പിലാൻഡ് ദുരന്തം: കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ്;; സുരക്ഷാ മാനദണ്ഡ ലംഘനത്തിൽ കടുത്ത വിമർശനം

ഹാപ്പിലാൻഡ് ദുരന്തം: കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ്;; സുരക്ഷാ മാനദണ്ഡ ലംഘനത്തിൽ കടുത്ത വിമർശനം

by news_desk1
0 comments

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

‘ചലഞ്ചർ’ എന്ന റൈഡിന്റെ ഭാഗം പൊട്ടിവീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടുന്നു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ ലൈസൻസ് പുനഃപരിശോധിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.

അപകടവിവരം ലഭിച്ചതുടൻ ജില്ലാ ഭരണകൂടത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സമാന സ്ഥാപനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അശ്രദ്ധയാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാർക്കിന്റെ സുരക്ഷാസംവിധാനങ്ങളെ കുറിച്ച് വ്യാപക വിമർശനമാണ് ഉയരുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടം നടന്നിട്ടും ആളുകളെ ഉടൻ ഒഴിപ്പിച്ചില്ലെന്നും രക്ഷാപ്രവർത്തനം വൈകിയെന്നുമാണ് ആക്ഷേപം.

റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലായിരുന്നുവെന്നും പരിക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിൽ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

You may also like