Home Nationalകർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചു; ഡി കെ ശിവകുമാർക്ക് വഴിയൊരുങ്ങി

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചു; ഡി കെ ശിവകുമാർക്ക് വഴിയൊരുങ്ങി

by news_desk1
0 comments

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് ഗവർണറുടെ സെക്രട്ടറിക്ക് കൈമാറി. ഇൻഡോറിലുള്ള കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് ബെംഗളൂരുവിലെത്തിയതിന് പിന്നാലെ രാജി ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് വിവരം.

രാജി അംഗീകരിച്ച ശേഷം കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർനെ പുതിയ നേതാവായി തിരഞ്ഞെടുക്കും. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ രാജിവെച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

2023 മെയ് 20-നാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. ഈ മാസം സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയിരുന്നു. അധികാരത്തിലെത്തിയ സമയത്ത് രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടുമെന്ന അനൗദ്യോഗിക ധാരണ ഉണ്ടായിരുന്നുവെന്നായിരുന്നു ഡി കെ ശിവകുമാർ പക്ഷത്തിന്റെ നിലപാട്. ആദ്യ ടേം കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് കൈമാറണമെന്ന ആവശ്യമാണ് പിന്നീട് ശക്തമായത്.

എന്നാൽ അഞ്ച് വർഷവും താനായിരിക്കും മുഖ്യമന്ത്രിയെന്ന നിലപാടിലായിരുന്നു സിദ്ധരാമയ്യ. ഇതോടെ കർണാടക കോൺഗ്രസിൽ നേതൃതർക്കം രൂക്ഷമായി. സിദ്ധരാമയ്യ-ശിവകുമാർ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടത്.

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ മന്ത്രിസഭാംഗങ്ങൾക്കായി സിദ്ധരാമയ്യ പ്രാതൽ വിരുന്നൊരുക്കിയിരുന്നു. അനൗദ്യോഗിക മന്ത്രിസഭായോഗമായി വിശേഷിപ്പിക്കപ്പെട്ട ഈ കൂടിക്കാഴ്ചയിലാണ് രാജിവെയ്ക്കുന്ന കാര്യം അദ്ദേഹം സഹമന്ത്രിമാരെ അറിയിച്ചത്. വിഭാഗീയത അവസാനിപ്പിച്ച് ഡി കെ ശിവകുമാറിന് എല്ലാവരും പിന്തുണ നൽകണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നടന്ന നിർണായക ചർച്ചകളിലാണ് നേതൃമാറ്റ വിഷയത്തിൽ അന്തിമ ധാരണയായത്. തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സിദ്ധരാമയ്യ തയ്യാറായിരുന്നില്ല. 132 കോൺഗ്രസ് എംഎൽഎമാരിൽ നൂറിലധികം പേരുടെ പിന്തുണ തനിക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ടേം വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ഒടുവിൽ രാജിയിലേക്ക് വഴിമാറിയത്. മൂന്ന് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ഉൾപ്പെടെ വിശ്വസ്തർക്കുള്ള മന്ത്രിസ്ഥാനങ്ങൾ അനുവദിക്കാമെന്ന ഉറപ്പും ഹൈക്കമാൻഡ് നൽകിയതായാണ് റിപ്പോർട്ടുകൾ.

ഉച്ചതിരിഞ്ഞ് ഡൽഹിയിലെത്തുന്ന സിദ്ധരാമയ്യ, തന്റെ രാഷ്ട്രീയ നിലപാടുകളും ആവശ്യങ്ങളും രാഹുല്‍ ഗാന്ധിയുടെയും കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെയും മുന്നിൽ വീണ്ടും അവതരിപ്പിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്

You may also like