കൊച്ചി: എളമക്കരയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അങ്കണവാടി ടീച്ചറുടെ മകനായ കാശിനാഥ് (20) ആണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് എളമക്കര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിക്കെതിരെ ഇതുവരെ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാളുടെ പശ്ചാത്തലം ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ജെ.കെ. ജയശങ്കർ അറിയിച്ചു.
ഇക്കഴിഞ്ഞ 18-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കളാണ് ലൈംഗികാതിക്രമം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന ഒരാളാണ് അതിക്രമം നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകിയിരുന്നു. അങ്കണവാടി പരിസരങ്ങളിൽ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം ലംഘിച്ചതിനെ തുടർന്ന് വീഴ്ച വരുത്തിയ അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽ നിന്ന് നീക്കാനും മന്ത്രി നിർദേശിച്ചു.
കൂടാതെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജോയിന്റ് ഡയറക്ടർ, നിർഭയ സെൽ കോർഡിനേറ്റർ, ഐസിപിഎസ് പ്രോഗ്രാം കോർഡിനേറ്റർ എന്നിവരടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ സംഘം നാളെ അങ്കണവാടിയിൽ നേരിട്ടെത്തി പരിശോധന നടത്തും.

