Slug: Arun Organ Donation
കൊല്ലം: മരണാനന്തര അവയവദാനത്തിലൂടെ പത്ത് പേർക്ക് പുതുജീവൻ നൽകി ഓർമ്മയായി മാറുകയാണ് ചന്ദനത്തോപ്പ് മാമൂട് ഗോകുലത്തിൽ അരുൺ എച്ച് എന്ന 24-കാരൻ. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അരുണിന്റെ അവയവങ്ങളാണ് തമിഴ്നാട്ടിലെ പത്ത് പേരുടെ ജീവിതത്തിൽ പുതുവെളിച്ചമായി മാറിയത്.
കഴിഞ്ഞ പത്തിനാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ അരുണിന് ഗുരുതരമായി പരിക്കേറ്റത്. ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് യുവാവിനെ ചെന്നൈ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. എന്നാൽ ചികിത്സയ്ക്കിടെ ശനിയാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
മകന്റെ വേർപാടിന്റെ വേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് പ്രതീക്ഷ നൽകണമെന്ന തീരുമാനമാണ് മാതാപിതാക്കളായ ഹരികുമാറിനെയും ശ്രീലതയെയും അവയവദാനത്തിന് പ്രേരിപ്പിച്ചത്. അരുണിന്റെ അവയവങ്ങൾ പത്ത് പേർക്ക് പുതുജീവൻ നൽകുകയും അവന്റെ ഓർമ്മകൾ അനേകം ജീവിതങ്ങളിലൂടെ തുടരുകയും ചെയ്തു.
അരുണിന്റെ നിസ്വാർത്ഥമായ അവയവദാനത്തിനും അതിന് സമ്മതം നൽകിയ കുടുംബത്തിന്റെ മഹത്തായ തീരുമാനത്തിനും സമൂഹം മുഴുവൻ ആദരവ് അറിയിക്കുകയാണ്.

