കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ചരിത്രപ്രസിദ്ധമായ കീവ് പെചെർസ്ക് ലാവ്‌റ ആശ്രമ സമുച്ചയത്തിന് തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ വ്യോമാക്രമണത്തിൽ കീവിൽ നാല് പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആയിരത്തോളം വർഷം പഴക്കമുള്ള ആശ്രമ സമുച്ചയത്തിൽ നിന്ന് തീയും പുകപടലങ്ങളും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആശ്രമത്തിലെ പ്രധാന ആരാധനാലയമായ ഡോർമിഷൻ കത്തീഡ്രലിന്റെ ഗോപുരങ്ങൾക്കും താഴികക്കുടങ്ങൾക്കും സമീപം അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തി. കത്തീഡ്രലിന്റെ മേൽക്കൂരയുടെ ഭാഗത്തും സമീപത്തെ നാഷണൽ കൾച്ചറൽ ആൻഡ് മ്യൂസിയം കോംപ്ലക്‌സ് കെട്ടിടത്തിലും തീപിടിച്ചു.
തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ റഷ്യ 611 ദീർഘദൂര ഡ്രോണുകളും 70 മിസൈലുകളും യുക്രെയ്‌നിലേക്ക് തൊടുത്തുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കീവിന്റെ വടക്കൻ മേഖലയിൽ ഏകദേശം 1.4 ലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായും തടസ്സപ്പെട്ടു. വടക്കുകിഴക്കൻ നഗരമായ ഖാർകിവിലുണ്ടായ റഷ്യൻ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, പ്രതിരോധ-വ്യവസായ സമുച്ചയങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.
പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ കീവ് പെചെർസ്ക് ലാവ്‌റ യുക്രെയ്‌നിലെ പ്രധാന ആത്മീയ-സാംസ്കാരിക കേന്ദ്രവും പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ്. ഭൂഗർഭ ഗുഹകളും പള്ളികളും ഉൾപ്പെടുന്ന ഈ സമുച്ചയത്തെ യുനെസ്കോ “യുക്രെയ്‌നിയൻ കലയുടെ മാസ്റ്റർപീസ്” എന്നാണ് വിശേഷിപ്പിക്കുന്നത്. വിശുദ്ധരുടെ തിരുശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
2023-ൽ ഈ ആശ്രമത്തെ “അപകടത്തിലായ ലോക പൈതൃക പട്ടികയിൽ” യുനെസ്കോ ഉൾപ്പെടുത്തിയിരുന്നു. ഈ ആക്രമണം ക്രിസ്ത്യൻ സംസ്കാരത്തിന് നേരെയുള്ള റഷ്യയുടെ ഗുരുതരമായ കുറ്റകൃത്യങ്ങളിലൊന്നാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്കി ആരോപിച്ചു.
നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഈ ആക്രമണം ഉണ്ടായതെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. ഞായറാഴ്ച ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിൽ ചർച്ച നടന്നതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.

