തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ എംപി. ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ലെന്ന് അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന് കുഴലൂതുന്ന സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ലെന്നും ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത പേറുന്നവർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ അർഹരല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം രാജിവെച്ച് ഗവർണറുടെ സംരക്ഷണത്തിൽ നിന്ന് മാറി ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് മൂവർക്കും നല്ലതെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.
അടിയന്തരമായി അക്കാദമിക് കുപ്പായം അഴിച്ചുവെച്ച് ഗണവേഷം ധരിച്ച് കുറുവടിയുമായി ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
മോഹൻ ഭാഗവതിന് മുന്നിൽ നിൽക്കുക എന്നതല്ല സർവകലാശാലകളുടെ തലപ്പത്തിരിക്കാൻ വേണ്ട യോഗ്യതയെന്നും, മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ട ഭരണഘടനാ മൂല്യങ്ങളാണ് ഈ നാടിന്റെ അടിത്തറയെന്നും, വിഭജനത്തിന്റെ പാരമ്പര്യമുള്ള കപട രാജ്യസ്നേഹത്തിന്റെ രാഷ്ട്രീയം കേരളം അംഗീകരിക്കില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

