Home Keralaഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം; ഗൂഢാലോചനയിലേക്കും എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചു

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം; ഗൂഢാലോചനയിലേക്കും എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചു

by news_desk1
0 comments

കൊച്ചി: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് സമീപം ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ആക്രമണത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കുന്നതിനായി ഗൂഢാലോചനാ സാധ്യതകളിലേക്കും അന്വേഷണം നീളുകയാണ്.

ആക്രമണവുമായി ബന്ധപ്പെട്ട് നേരിട്ട് പങ്കെടുത്തതായി തിരിച്ചറിഞ്ഞ പ്രതികളുടെ ഫോൺവിളി വിവരങ്ങളും സന്ദേശങ്ങളും എസ്‌ഐടി പരിശോധിക്കും. ആക്രമണത്തിന് പ്രേരണ നൽകിയതായി സംശയിക്കുന്ന കോളുകളും സന്ദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിൽ നേതാവോ പ്രവർത്തകനോ എന്ന വ്യത്യാസമുണ്ടാകില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

കേസന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി സംഘം കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തി. അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡ്ഡി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരിൽ നിന്നാണ് വിശദമായ മൊഴിയെടുത്തത്. റെയ്ഡിനായി ഉപയോഗിച്ച തിരച്ചിൽ വാറണ്ട് ഉൾപ്പെടെയുള്ള രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അതിന് പിന്നിൽ സംഘടിത ഗൂഢാലോചനയുണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ മൊഴി നൽകിയതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ പരിധി വിപുലീകരിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നേരിട്ട് ആക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ലഭ്യമായ ദൃശ്യങ്ങളും തെളിവുകളും പരിശോധിച്ച് ആകെ 46 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശേഷിക്കുന്നവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, നിലവിൽ കേസിൽ പ്രതിചേർത്തിരിക്കുന്നത് താഴെത്തട്ടിലുള്ള സിപിഎം പ്രവർത്തകരെയാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവസ്ഥലത്ത് ചില പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ഉണ്ടായിരുന്നുവെന്നും ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ അവരുടെ പങ്കും പരിശോധിക്കണമെന്നുമാണ് ഇഡിയുടെ നിലപാട്.

അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിൽ കക്ഷിചേരുന്നതും ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങളും തെളിവുകളും കോടതിയിൽ ഹാജരാക്കുന്നതും ഇഡി പരിഗണിക്കുന്നതായി വിവരമുണ്ട്. ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

You may also like