Home Keralaഅട്ടക്കുളങ്ങര സ്‌കൂൾ കെട്ടിടം തകർന്നു; ഫിറ്റ്‌നസ് വിവാദത്തിൽ രാഷ്ട്രീയ പോര്, സമഗ്ര അന്വേഷണത്തിന് ഉത്തരവ്

അട്ടക്കുളങ്ങര സ്‌കൂൾ കെട്ടിടം തകർന്നു; ഫിറ്റ്‌നസ് വിവാദത്തിൽ രാഷ്ട്രീയ പോര്, സമഗ്ര അന്വേഷണത്തിന് ഉത്തരവ്

by news_desk1
0 comments

തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ സ്‌കൂളിലെ കെട്ടിടഭാഗം തകർന്നുവീണ സംഭവത്തെ തുടർന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. കെട്ടിടത്തിന് കോർപ്പറേഷൻ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ കോർപ്പറേഷന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ആരോപണം.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി. കോടികൾ ചെലവഴിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നുവീണതെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

സർവശിക്ഷാ അഭിയാൻ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയുടെ മേൽക്കൂരയാണ് തിങ്കളാഴ്ച തകർന്നുവീണത്. ജീവനക്കാരും വിദ്യാർത്ഥികളും പുറത്തുപോയ ശേഷമായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഓടിട്ട പഴയ കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാസേനയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

2020-ൽ ഏകദേശം 1.75 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. എന്നാൽ കാലപ്പഴക്കം ചെന്ന തടി ഘടകങ്ങളും കഴുക്കോലുകളും പൂർണമായി മാറ്റാതെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇതിനിടെ, എറണാകുളം വെണ്ണല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെയും കെട്ടിട സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിലെ ഏഴ് പ്രധാന കെട്ടിടങ്ങളിൽ ഒന്നിന് ഗുരുതരമായ ബലക്ഷയമുണ്ടെന്നാണ് പരാതി. അപകടസാധ്യത ചൂണ്ടിക്കാട്ടി നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആരോപണം. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

You may also like