Home Keralaസത്യപ്രതിജ്ഞയ്ക്ക് ബിജെപി സാന്നിധ്യം; വി ഡി സതീശന്റെ ക്ഷണം സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ

സത്യപ്രതിജ്ഞയ്ക്ക് ബിജെപി സാന്നിധ്യം; വി ഡി സതീശന്റെ ക്ഷണം സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ

by news_desk1
0 comments

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി എംഎൽഎമാരും പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ക്ഷണത്തിന് നന്ദി അറിയിച്ച അദ്ദേഹം വി ഡി സതീശന് ആശംസകളും നേർന്നു.

മെയ് 18ന് നടക്കുന്ന ചടങ്ങിൽ ബിജെപി-എൻഡിഎ മുന്നണിയിലെ എംഎൽഎമാരും സഹപ്രവർത്തകരും പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ജനാധിപത്യപരമായ മര്യാദകൾ പാലിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചതെന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്.

അതേസമയം, സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പതിനായിരത്തോളം പേർക്ക് ഇരിക്കാവുന്ന തരത്തിൽ വൻ പന്തലാണ് തയ്യാറാക്കുന്നത്. ഏകദേശം ഒരു ലക്ഷം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെ പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ആദ്യ മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭാ സമ്മേളനം വിളിക്കാനുള്ള ശുപാർശ ഗവർണർക്ക് കൈമാറും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എംപി പ്രിയങ്കാ ഗാന്ധി എം.പി എന്നിവരടക്കം ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും സിനിമാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർക്കും ക്ഷണം നൽകിയിട്ടുണ്ട്.

You may also like