ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ നടപടികളിൽ ആശയക്കുഴപ്പം തുടരുന്നു. ഇതിനായി തയ്യാറാക്കിയ പുതിയ ഓൺലൈൻ പോർട്ടലിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതോടെ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് വൈകുന്നേരത്തോടെ അപ്രത്യക്ഷമായി. വിഷയത്തിൽ സിബിഎസ്ഇ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
പ്രധാന വെബ്സൈറ്റിൽ നേരത്തെ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്നാണ് പുതിയ ലിങ്ക് വിദ്യാർഥികൾക്ക് ലഭ്യമാക്കിയത്. എന്നാൽ പുതിയ പോർട്ടലിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ മെയ് 26 മുതൽ 29 വരെ സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാമെന്നുമായിരുന്നു നിർദേശം.
ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാക്കുന്നതിനായി വിദ്യാർഥികൾക്ക് മെയ് 19 മുതൽ 22 വരെ അപേക്ഷിക്കാമെന്ന് അറിയിച്ചിരുന്നു. സ്കാൻ കോപ്പി ലഭിച്ചതിന് ശേഷമാണ് മാർക്ക് പരിശോധിക്കലിനോ ഓരോ ചോദ്യത്തിനും നൽകിയ ഉത്തരങ്ങളുടെ പുനർമൂല്യനിർണയത്തിനോ അപേക്ഷ നൽകേണ്ടത്.
ഉത്തരക്കടലാസിന്റെ സ്കാൻ കോപ്പിക്കായി 700 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. മാർക്ക് പരിശോധിക്കലിന് 500 രൂപയും ഓരോ ചോദ്യത്തിന്റെ പുനർമൂല്യനിർണയത്തിന് 100 രൂപ വീതവുമാണ് ഫീസ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പോർട്ടൽ വീണ്ടും സജീവമാക്കുമോയെന്ന കാര്യത്തിൽ വിദ്യാർഥികൾ കാത്തിരിക്കുകയാണ്.

