Home Sportsപ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ചെന്നൈ ഇന്നിറങ്ങും; ലഖ്‌നൗവിനെതിരെ നിര്‍ണായക പോരാട്ടം

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ചെന്നൈ ഇന്നിറങ്ങും; ലഖ്‌നൗവിനെതിരെ നിര്‍ണായക പോരാട്ടം

by news_desk1
0 comments

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് സ്വന്തം മൈതാനത്ത് നിര്‍ണായക മത്സരത്തിനിറങ്ങുന്നു. എതിരാളികള്‍ ലഖ്‌നൗ സൂപ്പർ ജയന്റ്സും. ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് മത്സരം ആരംഭിക്കുക.

കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടിയ ചെന്നൈ നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ,  യുവതാരം കാര്‍ത്തിക് ശര്‍മ എന്നിവരുടെ മികച്ച ഫോമാണ് ടീമിന് ആത്മവിശ്വാസമാകുന്നത്.

അതേസമയം പരിക്കിന്റെ നിഴലിലുള്ള എം എസ് ധോണി ഇന്ന് കളിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അക്കീല്‍ ഹൊസൈന്‍, നൂർ അഹമ്മദ്, അന്‍ഷുല്‍ കംബോജ് എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും ചെന്നൈയുടെ കരുത്താണ്.

മറുവശത്ത് പത്ത് മത്സരങ്ങളില്‍ ഏഴിലും പരാജയപ്പെട്ട ലഖ്‌നൗവിന് ശേഷിക്കുന്ന ഓരോ മത്സരവും ജീവന്‍മരണ പോരാട്ടമാണ്. ക്യാപ്റ്റന്‍ റിഷഭ് പന്ത്, മിച്ചൽ മാർഷും നിക്കോളാസ് പൂരൻ എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയാല്‍ ചെന്നൈയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ലഖ്‌നൗവിന് സാധിക്കും.

ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സ് ടീമിനെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ പ്ലേ ഓഫ് പോരാട്ടം കൂടുതല്‍ കടുപ്പമായി. ഗുജറാത്തിന്റെ തോല്‍വി ചെന്നൈയ്ക്ക് ഗുണകരമായേനെയെങ്കിലും ഫലം തിരിച്ചായി.

ചെന്നൈയ്ക്ക് ഇനി ഗുജറാത്തിനെതിരെ മത്സരം ബാക്കിയുണ്ടെങ്കിലും രാജസ്ഥാനെതിരെ കളിയില്ല. അതിനാല്‍ രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരഫലങ്ങളും ചെന്നൈയുടെ സാധ്യതകളെ ബാധിക്കും. ലഖ്‌നൗ, ഡല്‍ഹി, മുംബൈ ടീമുകളാണ് രാജസ്ഥാന്റെ അവസാന എതിരാളികള്‍. അതേസമയം ചെന്നൈക്കെതിരെ രണ്ട് മത്സരങ്ങളും രാജസ്ഥാനും പഞ്ചാബിനുമെതിരെ ഓരോ മത്സരങ്ങളും ബാക്കിയുള്ള ലഖ്‌നൗവിന് എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ലെന്നതാണ് നിലവിലെ അവസ്ഥ.

You may also like