Home Keralaലൈംഗികാതിക്രമ പരാതി; എളമക്കര സ്റ്റേഷനിലെ എസ്‌ഐക്കെതിരെ കേസ്

ലൈംഗികാതിക്രമ പരാതി; എളമക്കര സ്റ്റേഷനിലെ എസ്‌ഐക്കെതിരെ കേസ്

by news_desk1
0 comments

കൊച്ചി: പരാതിയുമായി എത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതിയില്‍ എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് എടുത്തതിന് പിന്നാലെ എസ്‌ഐ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.

ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരിക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇതിനിടെ മറ്റൊരു കേസിലും മുജീബ് റഹ്‌മാനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ ഡോക്ടറെ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നാണ് പരാതി. കേസില്‍പ്പെടാതിരിക്കാന്‍ ഒന്നരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

ലഹരിക്കേസ് പ്രതികളുടെ ഫോണില്‍ ഡോക്ടറുടെ നമ്പര്‍ കണ്ടെത്തിയെന്ന പേരില്‍ ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നാണ് ആരോപണം. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ടു പരാതികളും ഗൗരവമായി പരിശോധിച്ചുവരികയാണെന്നും പ്രതിയെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.

You may also like