Home Keralaഡൽഹിയിലേക്ക് മുഖ്യമന്ത്രി വി ഡി സതീശൻ; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമം

ഡൽഹിയിലേക്ക് മുഖ്യമന്ത്രി വി ഡി സതീശൻ; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമം

by news_desk1
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ഡൽഹിയിലേക്ക് യാത്രതിരിക്കും. എഐസിസി നേതാക്കളുമായി വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം, പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ വി ഡി സതീശൻ അച്ഛന്റെ മുഴുവൻ പേരും ഉൾപ്പെടുത്തിയാണ് സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ “വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസ് നേതാക്കളടക്കമുള്ളവരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.

2021ൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ “വി ഡി സതീശൻ എന്ന ഞാൻ” എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ പൂർണനാമം ഉപയോഗിച്ചതാണ് ചർച്ചയായത്.

വിമർശനങ്ങൾക്ക് മറുപടിയായി മാധ്യമങ്ങളോട് സംസാരിക്കവെ വൈകാരികമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്. അച്ഛന്റെ മുഴുവൻ പേര് പറഞ്ഞാൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. അത് തന്റെ രേഖകളിലുള്ള പൂർണനാമമാണെന്നും സാധാരണ അത്തരത്തിലാണ് സത്യവാചകം ചൊല്ലാറുള്ളതെന്നും സതീശൻ പറഞ്ഞു.

അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും എംഎൽഎ ആകുന്നതിന് മുമ്പ് മാതാപിതാക്കൾ ഇരുവരും മരണപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാസ്‌പോർട്ടിലടക്കമുള്ള ഔദ്യോഗിക രേഖകളിൽ അതേ പേരാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like