Home Keralaഏഴരപ്പൊന്നാനയിലെ സ്വർണശുദ്ധി പരിശോധിക്കണം; ഹൈക്കോടതി നിർദേശം, ഭക്തന്റെ പരാതിയിൽ നടപടി

ഏഴരപ്പൊന്നാനയിലെ സ്വർണശുദ്ധി പരിശോധിക്കണം; ഹൈക്കോടതി നിർദേശം, ഭക്തന്റെ പരാതിയിൽ നടപടി

by news_desk1
0 comments

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് പരിശോധന നടത്താൻ കോടതി നിർദേശിച്ചത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചെന്ന ഭക്തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എ.ജി. പ്രസാദ് കുമാർ എന്ന ഭക്തൻ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കത്ത് നൽകിയിരുന്നു. പരാതിയിൽ, സമീപകാലത്ത് ഏഴരപ്പൊന്നാനയിൽ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തിയപ്പോൾ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ഉപയോഗിച്ച് പൊതിഞ്ഞുവെന്നാണ് ആരോപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും ദേവസ്വം ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വിശദീകരണം തേടിയിരുന്നു. ഏഴരപ്പൊന്നാനയിൽ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ലെന്നും രേഖകൾ പ്രകാരം സ്വർണത്തിന്റെ അളവിൽ കുറവൊന്നും ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

റിപ്പോർട്ട് തള്ളിക്കളയാൻ കാരണമില്ലെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, പരാതിയുടെ സ്വഭാവം പരിഗണിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ഓഫീസർ നേരിട്ട് പരിശോധന നടത്തുകയും, ഒരു സ്വർണപ്പണിക്കാരന്റെ സാങ്കേതിക സഹായം കൂടി തേടുകയും വേണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

You may also like