Home Keralaതലസ്ഥാനത്ത് ‘ഗുരുപാദം ക്ലിനിക്ക്’ വിവാദം; വ്യാജ ഡോക്ടർക്കെതിരെ ക്രിമിനൽ കേസ്, മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിൽ നടപടി

തലസ്ഥാനത്ത് ‘ഗുരുപാദം ക്ലിനിക്ക്’ വിവാദം; വ്യാജ ഡോക്ടർക്കെതിരെ ക്രിമിനൽ കേസ്, മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിൽ നടപടി

by news_desk1
0 comments

തിരുവനന്തപുരം: തലസ്ഥാനത്ത് പരസ്യബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിൽ നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ നടത്തിയിരുന്നയാൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം പരാതി നൽകാൻ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.

തിരുവനന്തപുരത്തെ ചാക്കയിൽ ‘ഗുരുപാദം ക്ലിനിക്ക്, കരിങ്കൽ, തമിഴ്നാട്’ എന്ന വിലാസത്തോടെയും ‘സ്പൈൻ സ്പെഷലിസ്റ്റ്’ എന്ന വിശേഷണത്തോടെയും പരസ്യബോർഡ് സ്ഥാപിച്ചിരുന്നതായി കണ്ടെത്തി. ചികിത്സ നടത്തിയിരുന്ന വ്യക്തിക്ക് കേരളത്തിലോ തമിഴ്നാട്ടിലോ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഇല്ലെന്ന് കേരള മെഡിക്കൽ കൗൺസിലിന്റെ പരിശോധനയിൽ വ്യക്തമായി.

കേരള മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ എത്തിക്സിന് വിരുദ്ധമായ പ്രവർത്തനങ്ങൾക്കും സംസ്ഥാനത്ത് നടക്കുന്ന വ്യാജ ചികിത്സകൾക്കുമെതിരെയാണ് കൗൺസിലിന് നേരിട്ട് നടപടിയെടുക്കാൻ അധികാരമുള്ളതെന്ന് രജിസ്ട്രാർ കമ്മീഷനെ അറിയിച്ചിരുന്നു. പരാതിയിൽ പരാമർശിക്കുന്ന സ്ഥാപനം തമിഴ്നാട്ടിലായതിനാൽ നേരിട്ടുള്ള നടപടി സ്വീകരിക്കാൻ പരിമിതിയുണ്ടെന്നും വിശദീകരിച്ചിരുന്നു.

എന്നാൽ കേരളത്തിൽ പരസ്യബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിൽ ചികിത്സ നടത്തുന്നത് മലയാളികളെ വഞ്ചിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി, ബന്ധപ്പെട്ട വ്യക്തിക്കെതിരെ ക്രിമിനൽ പരാതി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 2021 ഡിസംബർ 18ന് തന്നെ നിർദേശിച്ചിരുന്നു.

‘ഡോക്ടർ’ എന്ന വിശേഷണം പേരിന് മുന്നിൽ ചേർത്ത് ഇയാൾ പരസ്യങ്ങൾ നൽകിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു. എന്നാൽ കമ്മീഷന്റെ 2021 ലെ ഉത്തരവ് നടപ്പിലാക്കാതിരുന്നതിനെ തുടർന്ന് രജിസ്ട്രാർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.

തുടർന്ന്, കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ടിലെ സെക്ഷൻ 42 പ്രകാരം ചികിത്സകനെതിരെ ക്രിമിനൽ പരാതി നൽകാൻ തീരുമാനിച്ചതായി കൗൺസിൽ രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. 2021-ലെ ഉത്തരവ് നടപ്പിലാക്കാൻ അഞ്ച് വർഷത്തോളം കാത്തിരിക്കേണ്ടി വന്നത് ആശ്ചര്യകരമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിരീക്ഷിച്ചു.

പൊതു പ്രവർത്തകനായ കെ. ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.

You may also like