ദില്ലി: കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ചരിത്രപ്രസിദ്ധമായ കർഷക സമരത്തിന് പിന്നാലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ വീണ്ടും സമരരംഗത്തേക്ക്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും ഓഗസ്റ്റ് 10 മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനം.
ട്രേഡ് യൂണിയനുകളെയും വിദ്യാർത്ഥി സംഘടനകളെയും ഉൾപ്പെടുത്തി വലിയ പ്രതിഷേധ പരിപാടികളാണ് കിസാൻ മോർച്ച ആസൂത്രണം ചെയ്യുന്നത്. 2020-ൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ 13 മാസം നീണ്ട സമരം കേന്ദ്ര സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു.
ആദ്യഘട്ടത്തിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക, കർഷക കടങ്ങൾ എഴുതിത്തള്ളുക, സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുക തുടങ്ങിയ വാഗ്ദാനങ്ങളും നൽകിയിരുന്നു.
എന്നാൽ വാഗ്ദാനങ്ങൾ നൽകിയിട്ട് അഞ്ച് വർഷം പിന്നിട്ടിട്ടും പ്രഖ്യാപിച്ച കാര്യങ്ങളിൽ നടപടി ഉണ്ടായിട്ടില്ലെന്നാണ് കർഷക സംഘടനകളുടെ ആരോപണം. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കേന്ദ്രവുമായി ചർച്ചയ്ക്ക് ശ്രമിച്ചിട്ടും അവഗണന തുടരുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്ന് കർഷകർ വ്യക്തമാക്കുന്നു.
ഇതിനൊപ്പം ഇന്ത്യ-യുഎസ് വ്യാപാര കരാർ കർഷകവിരുദ്ധമാണെന്നും കിസാൻ മോർച്ച ആരോപിക്കുന്നു. നോയിഡ വിമാനത്താവളം, ഗംഗാ എക്സ്പ്രസ് വേ പദ്ധതികൾക്കായി ഭൂമി നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഒഡീഷയിലെ ഗോത്രഭൂമിയിലെ കോർപ്പറേറ്റ് കൈയേറ്റം തടയുക, ഹരിയാണയിലെ ജലപ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
സമരത്തിന് മുന്നോടിയായി ജൂലൈ 28, 29 തീയതികളിൽ ദില്ലിയിൽ വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കും. ട്രേഡ് യൂണിയനുകളെയും വിവിധ ജനകീയ സംഘടനകളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

