Home Sportsസിഎസ്‌കെ ക്യാപ്റ്റൻസിയിൽ മാറ്റം വേണമെന്ന് മുൻതാരം; ‘സഞ്ജു നായകനാകട്ടെ, റുതുരാജ് ബാറ്റിങ്ങിൽ ശ്രദ്ധിക്കട്ടെ’

സിഎസ്‌കെ ക്യാപ്റ്റൻസിയിൽ മാറ്റം വേണമെന്ന് മുൻതാരം; ‘സഞ്ജു നായകനാകട്ടെ, റുതുരാജ് ബാറ്റിങ്ങിൽ ശ്രദ്ധിക്കട്ടെ’

by news_desk1
0 comments

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നിരാശാജനകമായ സീസണിന് പിന്നാലെ ടീമിന്റെ ക്യാപ്റ്റൻസിയെ ചുറ്റിപ്പറ്റി ചർച്ചകൾ ശക്തമാകുന്നു. നിലവിലെ നായകൻ റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി മലയാളി താരം സഞ്ജു സാംസണിനെ ചുമതല ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ചെന്നൈ താരം എസ്. ബദ്രീനാഥ് രംഗത്തെത്തി.

ഒരു താരത്തിന് ഒരേസമയം ക്യാപ്റ്റൻസിയും ബാറ്റിങ് ഉത്തരവാദിത്വവും വഹിക്കേണ്ടി വരുമ്പോൾ അത് പ്രകടനത്തെ ബാധിക്കാമെന്നാണ് ബദ്രീനാഥിന്റെ വിലയിരുത്തൽ. ടീമിനെ മുന്നോട്ട് നയിക്കാനുള്ള സമ്മർദം ബാറ്ററെന്ന നിലയിലെ സ്വാഭാവിക പ്രകടനത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 337 റൺസ് നേടിയ റുതുരാജിന് രണ്ട് അർധസെഞ്ചുറികൾ നേടാനായെങ്കിലും പ്രതീക്ഷിച്ച സ്ഥിരത നിലനിർത്താൻ സാധിച്ചില്ലെന്നാണ് വിമർശനം. പ്ലേ ഓഫ് പോലും കാണാതെ ചെന്നൈ പുറത്തായതോടെ ടീമിന്റെ തന്ത്രങ്ങളിലും നായകസ്ഥാനത്തും മാറ്റം വേണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മുൻതാരത്തിന്റെ പ്രതികരണം.

ഐപിഎൽ 2026 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസണിനെ ചെന്നൈ സ്വന്തമാക്കിയിരുന്നു. വലിയ പ്രതിഫലത്തോടെയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. ഇതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള സാധ്യതകളും ശക്തമായി ചർച്ചയിലുണ്ട്.

റുതുരാജിന്റെ ഏറ്റവും വലിയ ശക്തി അദ്ദേഹത്തിന്റെ ബാറ്റിങ് തന്നെയാണെന്നും ക്യാപ്റ്റൻസിയുടെ സമ്മർദം ഒഴിവാക്കിയാൽ ടീമിന് കൂടുതൽ സംഭാവന നൽകാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ബദ്രീനാഥ് പറഞ്ഞു. സഞ്ജുവിന് മത്സര സാഹചര്യം വായിച്ച് ടീമിനെ മുന്നോട്ട് നയിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻസിയുടെ ബാധ്യത ചിലപ്പോൾ ലോകോത്തര താരങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും ചരിത്രത്തിൽ അതിന് ഉദാഹരണങ്ങൾ ഉണ്ടെന്നും ബദ്രീനാഥ് ചൂണ്ടിക്കാട്ടി. ടീമിന്റെ ദീർഘകാല വിജയത്തിനായി ചുമതലകൾ പുനഃക്രമീകരിക്കുന്നത് ഗുണകരമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You may also like