ദില്ലി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് പകർപ്പുകൾ തെറ്റായി കൈമാറിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് സിബിഎസ്ഇ. പരാതി നൽകിയ വിദ്യാർത്ഥികൾക്ക് അവരുടെ യഥാർത്ഥ ഉത്തരക്കടലാസുകളുടെ പകർപ്പുകൾ പിന്നീട് കൈമാറിയതായി ബോർഡ് സ്ഥിരീകരിച്ചു. സംഭവത്തിൽ സാങ്കേതികമോ മാനുഷികമോ ആയ പിഴവുണ്ടായിരിക്കാമെന്നും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
ദില്ലി സ്വദേശികളായ വിദ്യാർത്ഥികളായ വേദാന്തും സഞ്ജനയും പരീക്ഷയുടെ ഉത്തരക്കടലാസ് പകർപ്പുകൾ ലഭിച്ചപ്പോൾ അത് തങ്ങളുടേതല്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ ഉത്തരക്കടലാസുകളാണ് മാറി ലഭിച്ചതെന്നായിരുന്നു പരാതി.
ഫിസിക്സ് പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധിക്കാൻ അപേക്ഷ നൽകിയതിനു ശേഷമാണ് തനിക്ക് ലഭിച്ച പകർപ്പ് സ്വന്തം ഉത്തരക്കടലാസല്ലെന്ന് വേദാന്ത് വ്യക്തമാക്കിയത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഈ വിഷയം വലിയ ചർച്ചയായി. എന്നാൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നു. ഇവർ യഥാർത്ഥ വിദ്യാർത്ഥികളല്ലെന്നും വ്യാജ അക്കൗണ്ടുകളാണെന്നും വരെ ചിലർ ആരോപണം ഉന്നയിച്ചു. ചില മാധ്യമപ്രവർത്തകരുടെ പ്രതികരണങ്ങളും വിവാദത്തിന് ഇടയാക്കി.
സംഭവത്തിൽ വിദ്യാർത്ഥികൾ ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്നാണ് സിബിഎസ്ഇ അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിൽ രണ്ട് ഉത്തരക്കടലാസുകളുടെ പകർപ്പുകൾ തെറ്റായി വിതരണം ചെയ്തതായി ബോർഡ് ഇമെയിൽ മുഖേന വിദ്യാർത്ഥികളെ അറിയിച്ചു. ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ ഡിജിറ്റൈസേഷനും വിതരണം ചെയ്യുന്നതിനുമിടയിൽ ഉണ്ടായ പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് പ്രാഥമിക വിശദീകരണം.
ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാങ്കേതിക നവീകരണങ്ങൾ നടപ്പിലാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. പിഴവിന് ഉത്തരവാദികളായവരെ കണ്ടെത്താൻ ആഭ്യന്തര അന്വേഷണം നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും ബോർഡ് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പരാതിക്ക് പിന്നാലെ ബോർഡ് പിഴവ് സമ്മതിക്കുകയും യഥാർത്ഥ ഉത്തരക്കടലാസുകൾ കൈമാറുകയും ചെയ്തതോടെ പരീക്ഷാ നടപടികളിലെ സുതാര്യതയും വിശ്വാസ്യതയും സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

