Home Keralaജി സുധാകരന്‍ ‘അഭിനവ പാഷാണം വര്‍ക്കി’; രൂക്ഷ വിമര്‍ശനവുമായി സി.ബി. ചന്ദ്രബാബു

ജി സുധാകരന്‍ ‘അഭിനവ പാഷാണം വര്‍ക്കി’; രൂക്ഷ വിമര്‍ശനവുമായി സി.ബി. ചന്ദ്രബാബു

by news_desk1
0 comments

ആലപ്പുഴ: മുന്‍ മന്ത്രി ജി. സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ജി. സുധാകരനെ “അഭിനവ പാഷാണം വര്‍ക്കി” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവസരവാദ രാഷ്ട്രീയമാണ് സുധാകരന്റെ മുഖമുദ്രയെന്നും ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ചന്ദ്രബാബുവിന്റെ പ്രതികരണം. പിണറായി വിജയനെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെങ്കിലും “നനഞ്ഞ കോഴി” പോലുള്ള ആക്ഷേപപ്രയോഗങ്ങള്‍ രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ വിടുവായത്തവും അധികപ്രസംഗവുമാണെന്നും ചന്ദ്രബാബു വിമര്‍ശിച്ചു.

1991-ലെ കോഴിക്കോട് സംസ്ഥാന സമ്മേളനം മുതല്‍ ജി. സുധാകരന്റെ രാഷ്ട്രീയ നിലപാടുകളും പ്രവര്‍ത്തന രീതികളും തനിക്ക് നേരിട്ട് അറിയാമെന്ന് ചന്ദ്രബാബു കുറിച്ചു. സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകുന്ന വ്യക്തിയാണ് സുധാകരനെന്നും അദ്ദേഹം ആരോപിച്ചു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച് ചിലരില്‍നിന്ന് പണം സമാഹരിച്ചുവെന്ന ആരോപണവും ചന്ദ്രബാബു ആവര്‍ത്തിച്ചു. ആ പണത്തിന്റെ കണക്ക് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിനെതിരെ മുമ്പ് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ജി. സുധാകരന്‍ പിന്നീട് നിലപാട് മാറ്റിയെന്നും ചന്ദ്രബാബു ആരോപിച്ചു. രാഷ്ട്രീയ സൗകര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനുള്ളിലെ ചര്‍ച്ചകള്‍ പൊതുവേദിയിലേക്ക് കൊണ്ടുവരുന്ന ജി. സുധാകരന്റെ സമീപനം പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമല്ലെന്നും ചന്ദ്രബാബു അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സമീപകാല പരാമര്‍ശങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like