തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ വ്യാപക നാശനഷ്ടങ്ങള്‍. തിരുവനന്തപുരം പട്ടം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സംരക്ഷണ മതില്‍ ഇടിഞ്ഞുവീണതും പത്തനംതിട്ട കൂടല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുകളിലേക്ക് വന്‍ ആല്‍മരം കടപുഴകി വീണതും ആശങ്കയുണ്ടാക്കി. അതേസമയം, മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ച സംഭവം ദുഃഖമുണര്‍ത്തി.
പട്ടം ഗേള്‍സ് സ്കൂളിന്റെ പിന്‍വശത്തുള്ള ക്ലാസ് മുറികള്‍ക്കു സമീപത്തെ മതിലാണ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നുവീണത്. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് സംഭവം നടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പത്തനംതിട്ടയിലെ കൂടല്‍ ഗവ. വി.എച്ച്.എസ്.എസിന് മുകളിലേക്ക് പുലര്‍ച്ചെയോടെ വന്‍ ആല്‍മരം കടപുഴകി വീണു. അപകടകരമായി നിന്ന മരം മുറിച്ചുനീക്കണമെന്ന ആവശ്യത്തിന് ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് പി.ടി.എയും നാട്ടുകാരും രംഗത്തെത്തി. മറ്റ് മരങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
മലപ്പുറം ചങ്ങരംകുളത്ത് മീന്‍പിടിക്കാന്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുക്കുതല സ്വദേശി മുഹമ്മദിന്റെ മകന്‍ മുര്‍ഷിദാണ് മരിച്ചത്.
പാലക്കാട് കുഴല്‍മന്ദത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് പെരുങ്കുന്നം തെക്കേക്കര സ്വദേശി ഉണ്ണിക്കണ്ണന്‍ (രാമദാസ്-40) മരിച്ചു.
തൃശൂര്‍ എരുമപ്പെട്ടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കാഞ്ഞിരക്കോട് കല്ലൂര്‍ മഠത്തില്‍ കൃഷ്ണറാവുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ റവന്യൂ-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

