റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ വ്യോമാക്രമണ ഭീഷണിയെ തുടർന്ന് അധികൃതർ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സൗദി സിവിൽ ഡിഫൻസ് വിഭാഗമാണ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയത്. മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെയാണ് മുന്നറിയിപ്പ് പൊതുജനങ്ങളിലെത്തിച്ചത്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും അധികൃതർ നിർദേശിച്ചു. ജനലുകൾ, വാതിലുകൾ എന്നിവയിൽ നിന്ന് അകന്ന് സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും നിർദേശമുണ്ടായിരുന്നു. ഔദ്യോഗിക ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ ആവശ്യപ്പെട്ടു.
ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് മേഖലയിൽ സുരക്ഷാ ആശങ്ക ശക്തമായത്. പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് സൗദി അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.
അതേസമയം, പിന്നീട് വ്യോമാക്രമണ ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ സംവിധാനങ്ങൾ ജാഗ്രതയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിൽ കൂടുതൽ ആശങ്കയ്ക്കിടയാക്കുന്ന സാഹചര്യം നിലവിൽ ഇല്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

