ഡൽഹി: 1.66 കോടി സർക്കാർ രേഖകൾ ഉൾപ്പെടുത്തി പുതിയ പൊതു പോർട്ടൽ ആരംഭിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സാർത്ഥക് സിദ്ധാന്ത്. സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണയ ടെൻഡർ നടപടികൾ പരിശോധിച്ചതിനെ തുടർന്ന് ദേശീയ ശ്രദ്ധ നേടിയ വിദ്യാർത്ഥിയാണ് സാർത്ഥക്.
കേന്ദ്ര സർക്കാരിന്റെ സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലിൽ നിന്നുള്ള ഏകദേശം 1.66 കോടി സംഭരണ രേഖകളാണ് പുതിയ പോർട്ടലിൽ ലഭ്യമാക്കിയിരിക്കുന്നത്. “സുതാര്യത എല്ലാവർക്കും പ്രാപ്യമാകണം; ഇന്നുമുതൽ അത് സാധ്യമാണ്” എന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സാർത്ഥക് കുറിച്ചു.
കഴിഞ്ഞ രണ്ട് ആഴ്ചകൾ കൊണ്ടാണ് ഈ വിവരങ്ങൾ സർക്കാർ പോർട്ടലിൽ നിന്ന് ശേഖരിച്ചതെന്നും, പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഗവേഷകർക്കും എളുപ്പത്തിൽ പരിശോധിക്കാനായി ഇത് തുറന്നുകൊടുത്തതാണെന്നും സാർത്ഥക് വ്യക്തമാക്കി.
സർക്കാർ ചെലവഴിക്കുന്ന പണത്തിന്റെ രേഖകൾ കൂടുതൽ സുതാര്യമായി പരിശോധിക്കാനും പൊതുഉത്തരവാദിത്തം ശക്തിപ്പെടുത്താനുമാണ് ഈ ഡാറ്റാബേസ് തയ്യാറാക്കിയിരിക്കുന്നത്. ഡാറ്റാബേസ് ഡൗൺലോഡ് ചെയ്ത് സ്വതന്ത്രമായി പരിശോധിക്കാനാണ് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് വലിയൊരു സുതാര്യതാ ദൗത്യത്തിന്റെ തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ഔദ്യോഗിക സിപിപി പോർട്ടൽ സാധാരണക്കാർക്ക് ഉപയോഗിക്കാൻ സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയ സാർത്ഥക്, അതിനാലാണ് പുതിയ വെബ്സൈറ്റ് കൂടുതൽ ലളിതമായി രൂപകൽപ്പന ചെയ്തതെന്ന് പറഞ്ഞു. ഇതിനായി പ്രത്യേക പ്രോഗ്രാം ഉപയോഗിച്ചാണ് വിവരങ്ങൾ വേർതിരിച്ചെടുത്തത്.
പ്രാരംഭ ടെൻഡർ അറിയിപ്പുകളും വിജയിച്ച കമ്പനികളുടെ വിവരങ്ങളും ഉൾപ്പെടെ 88 ലക്ഷത്തിലധികം വിശദമായ രേഖകൾ അടങ്ങിയ രണ്ട് ഡാറ്റാബേസുകളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപയും ടെൻഡർ നടപടികളിലൂടെയാണ് കടന്നുപോകുന്നതെന്നും, പൊതുമുതൽ സംരക്ഷിക്കാനുള്ള പ്രധാന സംവിധാനമാണിത്. എന്നാൽ പ്രായോഗിക തലത്തിൽ വലിയ രീതിയിലുള്ള അഴിമതികൾ നടക്കാൻ സാധ്യതയുള്ള മേഖലയുമിതാണെന്ന് സാർത്ഥക് ചൂണ്ടിക്കാട്ടുന്നു.

