Home Keralaപ്രളയത്തിൽ ഒഴുകിയെത്തി പെരുകി; ചുമരിലെ സിമന്റും ചുണ്ണാമ്പും വരെ നശിപ്പിക്കും, മാരക രോഗഭീഷണിയുമായി ആഫ്രിക്കൻ ഒച്ച്, ഭീതിയിൽ തിരുനാവായ

പ്രളയത്തിൽ ഒഴുകിയെത്തി പെരുകി; ചുമരിലെ സിമന്റും ചുണ്ണാമ്പും വരെ നശിപ്പിക്കും, മാരക രോഗഭീഷണിയുമായി ആഫ്രിക്കൻ ഒച്ച്, ഭീതിയിൽ തിരുനാവായ

by news_desk1
0 comments

മലപ്പുറം: തിരുനാവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീമൻ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ആഫ്രിക്കൻ നാടുകളിൽ കണ്ടുവരുന്ന ഈ ഒച്ചുകൾ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജൈവ അധിനിവേശ ഭീഷണി ഉയർത്തി അതിവേഗം പെറ്റുപെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കും സമീപ പഞ്ചായത്തുകളിലേക്കും വ്യാപിക്കുകയാണ്.

2018-ലെയും 2019-ലെയും പ്രളയകാലത്താണ് ഇവ പ്രദേശത്ത് വ്യാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. ആദ്യഘട്ടത്തിൽ കൊടക്കൽ, ബന്തർ കടവ് മേഖലകളിലായിരുന്നു കൂടുതലായി കണ്ടിരുന്നത്. ഇപ്പോൾ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കര ഭാഗങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം വ്യാപകമാണ്.

പൂർണ വളർച്ചയെത്തിയ ഒച്ചുകളുടെ തോടിന് ഏഴ് മുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടാകും. കോൺ ആകൃതിയിലുള്ള തവിട്ടുനിറ തോടുകളാണ് ഇവയുടെ പ്രത്യേകത. ഒറ്റത്തവണ 500 ഓളം മുട്ടയിടുന്ന ഇവ ഒരു വർഷത്തിൽ ആയിരക്കണക്കിന് മുട്ടകൾ വിരിയിക്കുന്നതിനാൽ അതിവേഗം വ്യാപിക്കുന്നു.

നാട്ടിലെ നിരവധി സസ്യയിനങ്ങളെ ആഹാരമാക്കുന്ന ഇവ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. തോടിന്റെ വളർച്ചയ്ക്ക് കാൽസ്യം ആവശ്യമായതിനാൽ വീടുകളുടെ ചുവരുകളിലെ സിമന്റും ചുണ്ണാമ്പും വരെ ഇവ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ജലാശയങ്ങളിലെ ചെറിയ സസ്യങ്ങളെയും ഇവ ഭക്ഷിക്കുന്നതിനാൽ മത്സ്യങ്ങളുടെയും തവളകളുടെയും വംശവർധനയ്ക്കും ഇത് തിരിച്ചടിയാകുന്നുണ്ട്.

കൃഷിനാശത്തിന് പുറമെ മനുഷ്യരിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ ഈ ഒച്ചുകൾക്ക് കഴിയുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് രോഗത്തിന് കാരണമാകുന്ന റാറ്റ് ലങ് വേം എന്ന വിരകളുടെ വാഹകരാണ് ഈ ഒച്ചുകൾ. ഒച്ചുകൾ പറ്റിപ്പിടിച്ച പച്ചക്കറികൾ നന്നായി കഴുകാതെ ഉപയോഗിക്കുന്നതിലൂടെയോ ഇവയുടെ സ്രവങ്ങൾ ശരീരത്തിൽ കലരുന്നതിലൂടെയോ രോഗബാധ ഉണ്ടാകാം.

അതിനാൽ കുട്ടികളോ മുതിർന്നവരോ ഈ ഒച്ചുകളെ വെറുംകൈകൊണ്ട് തൊടരുതെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ചിലരിൽ ഇവയുടെ സ്രവം അലർജിക്കും കാരണമാകാം.

പഞ്ചായത്തിലെ പല വിദ്യാലയങ്ങളുടെയും മുറ്റങ്ങളിലും ചുമരുകളിലും ക്ലാസ് മുറികളിലും വരെ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊടിയുപ്പ് വിതറിയോ പുകയില-തുരിശ് മിശ്രിതം തളിച്ചോ ഇവയെ നശിപ്പിക്കാമെന്നാണ് വിദഗ്ധരുടെ നിർദേശം. ഒച്ചുകളെ നശിപ്പിക്കുന്നവർ നിർബന്ധമായും കൈയുറ ധരിക്കണമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

You may also like